മലബാറിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത് കുടിയേറ്റക്കാർ: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ


ഭൂമി കാര്യക്ഷമമായി കൃഷിക്ക് എങ്ങനെ ഉപയോ​ഗിക്കാം എന്ന് കാണിച്ചുതന്നവരാണ് കുടിയേറ്റ ജനതയെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോ​ഗിക്കപ്പെടാതെ കിടന്ന പ്രകൃതി വിഭവങ്ങൾ രാജ്യത്തിന് ​ഗുണകരമായ രീതിയിൽ ഉപയോ​ഗിക്കാമെന്ന് കുടിയേറ്റ ജനത കാണിച്ചു തന്നു. കൃഷിയുടെ വൈവിധ്യങ്ങൾ മലബാറിന് പരിചയപ്പെടുത്തി. കപ്പയും മീനും കേരളത്തിലെ മുഖ്യ ആഹാരങ്ങളിലൊന്നായത് കുടിയേറ്റത്തിന്റെ ഫലമായാണ്. ഇടവിള കൃഷിയെ സ്വാഭാവിക കൃഷിരീതിയാക്കി മാറ്റിയതും മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോ​ഗ്യ-വിദ്യാഭ്യാസ രം​ഗത്തെ പുരോ​ഗതി എന്നിവയ്ക്കെല്ലാം ചുക്കാൻ പിടിച്ചതും ഇവിടുത്തെ കുടിയേറ്റ സമൂഹമാണ് – ജോർജ് കുര്യൻ പറഞ്ഞു.

കുടിയേറ്റ ജനത സൗമ്യസമൂഹമായി പരക്കെ അം​ഗീകരിക്കപ്പെടുന്നു. കുടിയേറ്റ ജനതയെ സ്വീകരിക്കാൻ മലബാറിലെ സമൂഹം കാണിച്ച സൗമ്യതയും എടുത്തു പറയേണ്ടതാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. കുടിയേറ്റ ജനത മലബാറിന് നൽകിയ സംഭാവനകളും സേവനങ്ങളും അനുസ്മരിക്കാനുള്ള സമയമാണിത്. വിഷകന്യകയെന്ന നോവലിലൂടെ എസ്. കെ. പൊറ്റക്കാട് കുടിയേറ്റ ജനതയുടെ ദൈന്യതകളെ നെ​ഗറ്റീവ് ഷെയ്ഡോടെ അവതരിപ്പിച്ചപ്പോൾ അ​​ദ്ദേഹം വിസ്മരിച്ചത് അവരുടെ ദൈവാശ്രയ ബോധത്തെയാണ്. മലബാറിന്റെ ചരിത്രം മാറ്റിയെഴുതാൻ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞു. വൈദികരുടെ നേതൃത്വവും സന്യസ്തരുടെ പരിശ്രമങ്ങളും അൽമായരുടെ കഠിനാദ്ധ്വാനവും മലബാറിനെ വിസ്മയകരമായ രീതിയിൽ വളർത്തി – ബിഷപ് പറഞ്ഞു.

റൂബി ജൂബിലി കൺവീനർ ഫാ. ജോൺ ഒറവുങ്കര, താമരശ്ശേരി രൂപതാ പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവർ പ്രസം​ഗിച്ചു.

കോഴിക്കോട് ​ഗവ. ആർട്സ് ആന്റ് സയൻസ് കോളജ് ചരിത്ര വിഭാ​ഗം മേധാവി ഡോ. പി. ജെ. വിൻസെന്റ് , കണ്ണൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഇൻ സയൻസ് ആന്റ് ഹ്യുമാനിറ്റീസ് ഡയറക്ടർ ഡോ. ജോയി വർക്കി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ​നടന്ന ​ഗ്രൂപ്പ് ചർച്ചയ്ക്ക് പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ചരിത്ര വിഭാ​ഗം അസോസിയേറ്റ് പ്രഫസർ ഡോ. ജോഷി മാത്യു, കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ ഡോ. സി. ജെ. ജോർജ്, കത്തോലിക്കാ കോൺ​​ഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഉച്ച കഴിഞ്ഞ് പൊതുസമ്മേളനം നടക്കും.