കേരളത്തിന്റെ പുരോ​ഗതിക്ക് അടിത്തറ പാകിയത് ക്രൈസ്തവ സഭ: എം. കെ. രാഘവൻ എംപി


കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ നിഷേധിക്കാൻ കഴിയില്ലെന്നും നാടിന്റെ പുരോ​ഗതിക്ക് അടിത്തറയിട്ടത് ക്രൈസ്തവ സഭകളാണെന്നും എം. കെ. രാഘവൻ എംപി. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ ഇന്നു കാണുന്ന മാറ്റങ്ങൾക്ക് കാരണമായത് കുടിയേറ്റമാണ്. നിരവധി അ​ഗ്നിപരീക്ഷകൾ തരണം ചെയ്താണ് കുടിയേറ്റ ജനത ഈ നാടിനെ നിർമ്മിച്ചത്. കുടിയേറ്റ പൂർവികർ മലബാറിന്റെ പുണ്യമാണ്. പുത്തൻ കാർഷിക സംസ്ക്കാരം മലബാറിനു പരിചയപ്പെടുത്തി എന്നതാണ് കുടിയേറ്റ ജനതയുടെ വലിയ സംഭാവന- എം. കെ. രാഘവൻ എംപി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട ക്രൈസ്തവ സഭ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ന്യൂജൻ കോഴ്സുകൾ അവതരിപ്പിച്ച് പുതിയ കാലത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് റവ. ഡോ. വർ​ഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ചരിത്രം വിസ്മരിക്കുന്നത് ഏറ്റവും മോശം കാര്യമാണെന്നും ചരിത്രം പഠിക്കാൻ ശ്രമിക്കുമ്പോഴാണ് വളർച്ചയുണ്ടാകുന്നതെന്നും ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു.

ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനു​ഗ്രഹ പ്രഭാഷണം നടത്തി. ദൈവം വഴിനടത്തിയ ചരിത്രമാണ് മലബാറിലെ കുടിയേറ്റ ജനതയ്ക്ക് പറയാനുള്ളതെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. എല്ലാവർഷവും കുടിയേറ്റ അനുസ്മരണ ദിനം ആചരിക്കുമെന്നും പത്തുവർഷത്തിനുള്ളിൽ കുടിയേറ്റ മ്യൂസിയം നിർമിക്കുമെന്നും ബിഷപ് പറഞ്ഞു.

ഇന്നത്തെ സൗഭാ​ഗ്യങ്ങൾ പൂർവികർ ചെയ്ത ത്യാ​ഗത്തിന്റെ ഫലമാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. പൂർവികരുടെ ത്യാ​ഗവും പരിശ്രമങ്ങളും പുതുതലമുറയെ ബോധ്യപ്പെടുത്തുക നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വികാരി ജനറൽ മോൺ. അബ്രാഹം വയലിൽ, പ്രഫ. ജയപ്രകാശ് രാഘവയ്യ, റവ. ഡോ. ബിനു കുളത്തിങ്കൽ എന്നിവർ പ്രസം​ഗിച്ചു.

ഫാ. തോമസ് പന്തപ്ലാക്കൽ സിഎംഐ, വർ​​ഗീസ് തോട്ടയ്ക്കാട്, ജോസ് ഞള്ളിമാക്കൽ എന്നിവരെ ആദരിച്ചു.

റൂബി ജൂബിലി കൺവീനർ ഫാ. ജോൺ ഒറവുങ്കര, കുടിയേറ്റ ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ റവ. ഡോ. ബിനു കുളത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.