ഡിജിറ്റല്‍ യുഗത്തില്‍ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെയും വിശ്വാസ രൂപീകരണത്തിന്റെയും വെല്ലുവിളികളും സാധ്യതകളും ചര്‍ച്ച ചെയ്ത് സ്റ്റാര്‍ട്ട് (START – St Thomas Academy for Research and Training) സംഘടിപ്പിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം കോഴിക്കോട് സ്റ്റാര്‍ട്ട് ക്യാംപസില്‍ നടന്നു. ‘ഡിജിറ്റല്‍ യുഗത്തില്‍ മികവിലേക്കുള്ള വിദ്യാഭ്യാസം: വിശ്വാസ രൂപീകരണം, ക്രൈസ്തവ വിദ്യാഭ്യാസം, ആഗോള, കേരള കാഴ്ചപ്പാടുകള്‍’ എന്നതായിരുന്നു പ്രമേയം.
ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ കാലഘട്ടത്തില്‍ വിശ്വാസവും സ്വഭാവവും മികവുമുള്ള വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ ക്രൈസ്തവ വിദ്യാഭ്യാസത്തിനുള്ള ദൗത്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
നെതര്‍ലാന്‍ഡ്സിലെ ഏറസ്, ഫ്രാന്‍സിലെ ആഞ്ചേഴ്സ് അപ്ലൈഡ് സയന്‍സസ് സര്‍വകലാശാലകളില്‍ പ്രഫസറായ ഡോ. കീസ് സ്കിപ്പര്‍ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റല്‍, സക്യുലര്‍, ബഹുസാംസ്കാരിക ലോകത്ത് വിശ്വാസ രൂപീകരണം നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന പാഠങ്ങളും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയിലെ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ യുഗത്തിലെ ഇടയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഫാ. സബിന്‍ തൂമുളളില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് നെതര്‍ലാന്‍ഡ്സിലെ ഡീന്‍ ഡോ. ജോര്‍ജ് പൈമ്പിള്ളില്‍, മോണ്‍. ജെറാര്‍ഡ് ബ്രുഗിങ്ക്, സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍, സിസ്റ്റര്‍ ജെനിഫര്‍ ഡൊമിനിക് എന്നിവര്‍ ആഗോളവും പ്രാദേശികവുമായ അനുഭവങ്ങള്‍ പങ്കുവെച്ചു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ ഫാ. ഡോ. സുബിന് കിഴക്കേവീട്ടില്‍ സ്വാഗതം ആശംസിച്ചു. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികള്‍ ആര്‍ജിക്കുന്ന സാങ്കേതി അറിവും നൈപുണ്യങ്ങളും അടിസ്ഥാനമാനുഷികമൂല്യങ്ങളുമായി സംയോജിപ്പിച്ചു കൊണ്ട് അവരുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കാന്‍ കഴിയണമെന്നും, സനാതന മൂല്യങ്ങള്‍ക്ക് പകരം വയ്ക്കാന്‍ സാങ്കേതികവിദ്യയോ മറ്റു നൈപുണ്യങ്ങളോ മതിയാക്കുകയില്ല. ഗാന്ധിജി പഠിപ്പിക്കുന്നതുപോലെ, മൂല്യങ്ങളില്ലാത്ത വിദ്യാഭ്യാസം ഉപയോഗശൂന്യമാണെന്ന് സമ്മേളനം വിലയിരുത്തി.
