മോണ്‍. ആന്റണി കൊഴുവനാല്‍ സംസ്ഥാനതല പ്രസംഗ മത്സരം: എസ്തര്‍ ക്രിസ്റ്റി ടോമും മേധാ ഷൈജനും ജേതാക്കള്‍


താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (START) സംഘടിപ്പിച്ച മോണ്‍. ആന്റണി കൊഴുവനാല്‍ സ്മാരക സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ എസ്തര്‍ ക്രിസ്റ്റി ടോമും (പടത്തുകടവ്, താമരശ്ശേരി രൂപത) ജൂനിയര്‍ വിഭാഗത്തില്‍ മേധാ ഷൈജനും (ചക്കിട്ടപ്പാറ, താമരശ്ശേരി രൂപത) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെയും യുവാക്കളുടെയും സമഗ്രവും അവിഭാജ്യവുമായ രൂപീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍. ആന്റണി കൊഴുവനാലിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്.

2025 ഡിസംബറില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത നൂറുകണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഓരോ തലത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് അവാര്‍ഡും മെമെന്റോയും സമ്മാനിച്ചു.

സീനിയര്‍ വിഭാഗത്തില്‍ (വിഷയം: വിദേശ കുടിയേറ്റവും പഠനവും: പ്രതീക്ഷയും പ്രതിസന്ധിയും.)
ബ്രദര്‍ സെബിന്‍ മാരനാട്ട് (ഇടുക്കി രൂപത, ആലുവ മംഗലപ്പുഴ സെമിനാരി) രണ്ടാം സ്ഥാനവും,
ആന്‍സി വി.എ. (ഒണ്ടയങ്ങാടി, മാനന്തവാടി രൂപത) മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ (വിഷയം: ഡിജിറ്റല്‍ യുഗത്തിലെ വിശ്വാസവും ധാര്‍മികതയും.)
രണ്ടാം സ്ഥാനം അലന്‍ വര്‍ഗീസും (പറോപ്പടി), മൂന്നാം സ്ഥാനം റാഫേല ക്രിസ്റ്റി ടോമും (പടത്തുകടവ്) കരസ്ഥമാക്കി.

മോണ്‍. ആന്റണി കൊഴുവനാല്‍ സ്മാരക സംസ്ഥാനതല പ്രസംഗ മത്സരം മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോണി പോള്‍ കാവില്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ പി. ടി. എബ്രഹാം, ബാലുശ്ശേരി ജയറാണി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ സ്റ്റെല്ല മരിയ എസ്എബിഎസ്, ജോണ്‍സണ്‍ പി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.