ജാതി-മത ചിന്തകള്‍ക്കപ്പുറം സമഭാവനയും സാഹോദര്യവും വളര്‍ത്തുവാന്‍ വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പരിയാപുരം ഫാത്തിമ യുപി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
‘ധാര്‍മിക മൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതെ കാത്തുസൂക്ഷിക്കണം. ആത്മാവിനെ നോവിക്കാത്ത തത്വശാസ്ത്രമാണ് നമുക്കു വേണ്ടത്. വൈവിധ്യങ്ങളുള്ള സമൂഹത്തില്‍ നാം ഒരു കുടുംബം എന്ന ബോധ്യത്തിലേക്ക് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കുമുള്ള യാത്രയാണ് വിദ്യാഭ്യാസം. മാനവികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം’ – ബിഷപ് ഓര്‍മിപ്പിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ‘ഗാല പ്ലാറ്റിനോ 2K26’ മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുവനീര്‍ പ്രകാശനം, ബ്ലോഗ് ലോഞ്ചിങ്, വായനാ വസന്തം, കുഞ്ഞെഴുത്ത് പ്രകാശനം, സനേഹപ്പെട്ടി തുടങ്ങിയ പരിപാടികള്‍ക്ക് വിശിഷ്ടാതിഥികള്‍ തുടക്കം കുറിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കളപ്പുരക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, ജില്ലാ പഞ്ചായത്ത് അംഗം സി.സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ പുലിപ്ര, എഇഒ എം.അമീറ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ സലാം ആറങ്ങോടന്‍, പഞ്ചായത്ത് അംഗം ഏലിയാമ്മ തോമസ്, പ്രധാനാധ്യാപിക പി. എ. അമ്പിളി, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. ടി. സുമ, ഹെഡ്മാസ്റ്റര്‍ പി. ടി. ബിജു, പ്രോഗ്രാം കണ്‍വീനര്‍ ഫാ. സിജോ പുളിമൂട്ടില്‍, ഫാത്തിമ നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അഞ്ജു മാത്യു, പിടിഎ പ്രസിഡന്റ് ഷാന്റോ തകിടിയേല്‍, എംപിടിഎ പ്രസിഡന്റ് റസ് ലത്ത്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജോസി വര്‍ഗീസ്, സ്റ്റാഫ് സെക്രട്ടറി ക്ലമന്‍സി തോമസ്, സ്‌കൂള്‍ ലീഡര്‍മാരായ ഹിരണ്‍ ദേവ്, ചൈത്ര പ്രഭാത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.
സമാപന സമ്മേളനത്തിനു മുന്നോടിയായി നടന്ന ജൂബിലി വിളംബര ഘോഷയാത്ര വര്‍ണാഭമായി. വിവിധ കലാരൂപങ്ങള്‍, ഫ്‌ലാഷ് മോബ്, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
