ഭക്തിസാന്ദ്രം കുളത്തുവയല്‍ തീര്‍ത്ഥാടനം: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്ത് താമരശ്ശേരി ബിഷപ്


യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുമ്പോള്‍ ലോകമെങ്ങും സമാധാനം പുലരണമേയെന്ന പ്രാര്‍ത്ഥനയോടെ നാല്‍പതാം വെള്ളിയോടനുബന്ധിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ താമരശ്ശേരി രൂപത സംഘടിപ്പിച്ച ഒമ്പതാമത് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു.

ഇന്നലെ രാത്രി പത്തോടെയാണ് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥയാത്ര ആരംഭിച്ചത്. വികാരി ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍, രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രാരംഭ പ്രാര്‍ത്ഥന ചൊല്ലി തീര്‍ത്ഥാടനത്തിന് തുടക്കമിട്ടു.

തുടര്‍ന്ന് കോരങ്ങാട്‌ അല്‍ഫോന്‍സ സ്‌കൂള്‍, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നിവിടങ്ങളിലൂടെ 35 കിലോമീറ്റര്‍ കാല്‍നടയായി തീര്‍ത്ഥാടക സംഘം കുളത്തുവയലിലേക്ക് സഞ്ചരിച്ചു.

മരുതോങ്കരയില്‍ നിന്ന് കുളത്തുവയലിലേക്ക് ആംരഭിച്ച തീര്‍ത്ഥാടനത്തിന് മരുതോങ്കര ഫൊറോന വികാരി ഫാ. ആന്റോ മൂലയില്‍ നേതൃത്വം നല്‍കി. പശുക്കടവ്, ചെമ്പനോട, പൂഴിത്തോട്, കുണ്ടുതോട്, മുതുകാട്, പെരുവണ്ണാമൂഴി, പടത്തുകടവ്, ചക്കിട്ടപാറ ഇടവകകള്‍ പങ്കുചേര്‍ന്നു.

കുളത്തുവയല്‍ തീര്‍ത്ഥാടനം കുരിശിലെ കൃപയുടെ സമ്പന്നത അനുഭവിക്കുവാനുള്ള പരിശ്രമമാണെന്നും ലോക സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

രാവിലെ എട്ടുമണിയോടെ കുളത്തുവയലില്‍ തീര്‍ത്ഥാടക സംഘം എത്തിച്ചേര്‍ന്നു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. കുര്യന്‍ താന്നിക്കല്‍ സമാപന സന്ദേശം പങ്കുവച്ചു. കുളത്തുവയല്‍ തീര്‍ത്ഥാടനം വിശ്വാസ പ്രഘോഷണമാണെന്നും പൂര്‍വപിതാക്കന്മാര്‍ നടന്ന വഴിയിലൂടെ കുടിയേറ്റ ശതാബ്ദി വര്‍ഷത്തില്‍ കുരിശിന്റെ വഴിചൊല്ലി നടക്കാന്‍ കഴിഞ്ഞത് അനുഗ്രഹപ്രദമാണെന്നും ഫാ കുര്യന്‍ താന്നിക്കല്‍ പറഞ്ഞു.

”ക്രിസ്തു സ്‌നേഹത്തിന്റെ വിപ്ലവകാരിയാണ്. അദ്ദേഹം സ്‌നേഹത്തെ വ്യാപാരം ചെയ്യാന്‍ മനുഷ്യനായി പിറന്നു. വേദനയിലൂടെയും സഹനത്തിലൂടെയും കടന്നു പോകുമ്പോഴാണ് രക്ഷ കൈവരുന്നതെന്ന് ക്രിസ്തു സ്വജീവിതംകൊണ്ട് കാണിച്ചു തന്നു. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്ക് സാധിക്കണം. താങ്ങാന്‍ കഴിയുന്ന സഹനങ്ങള്‍ മാത്രമേ ദൈവം നമുക്ക് നല്‍കുകയുള്ളു എന്ന് തിരിച്ചറിയണം. ചെറിയ മുറിവുകള്‍ തന്ന് വലിയ സൗഖ്യം തരുന്നവനാണ് കര്‍ത്താവ്. സഹന സമയങ്ങളില്‍ ദൈവം നമ്മോടു കൂടെയുണ്ടെന്ന് തിരിച്ചറിയണം.” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ. വിന്‍സെന്റ് കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

കുളത്തുവയല്‍ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. തോമസ് കളരിക്കല്‍, ഫാ. വിന്‍സെന്റ് കണ്ടത്തില്‍, ഫാ. ജോസഫ് ചുണ്ടയില്‍, ഫാ. മാത്യു മുളങ്ങാശ്ശേരി, ഫാ. ജോസ് വടക്കേടം, ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി വൈദികരും സന്യസ്തരും അല്‍മായരും തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.