വിധിയെ തോല്‍പ്പിച്ച ‘കൈക്കരുത്ത്’


വിധിയൊരു വില്ലനെപ്പോലെ പഞ്ചഗുസ്തിക്ക് ക്ഷണിച്ചപ്പോള്‍ കൂമുള്ളി വലിയപുത്തന്‍പുരയില്‍ സാജി ജോണ്‍ ചെറുപുഞ്ചിരി തൂകി പറഞ്ഞു: ‘എന്നാല്‍ ഒരു കൈ നോക്കാം!’ ജീവിതത്തോട് നിരന്തരം ഗുസ്തി പിടിച്ച് അന്‍പത്തിമൂന്നുകാരനായ സാജി നേടിയത് അസര്‍ബൈജാനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍. ഒരു പക്ഷേ, ഈ നേട്ടംകണ്ട് വിധിപോലും മാറി നിന്ന് കൈയ്യടിച്ചിട്ടുണ്ടാകണം. കാരണം, ലോകത്തിന്റെ നെറുകയില്‍ വെങ്കലമെഡലുമായി നില്‍ക്കാന്‍ സാജി താണ്ടിയത് ഒട്ടേറെ ദുരിത പര്‍വങ്ങളാണ്.

കളിയെ സ്‌നേഹിച്ച ബാല്യം

കോഴിക്കോട് അത്തോളി ഗവ. ഹൈസ്‌കൂളിലെ പഠനകാലത്തെ കളിയോട് കമ്പമുണ്ടായിരുന്ന സാജി ഖോഖോ, ലോങ് ജംപ്, ട്രിപ്പിള്‍ ജംപ്, 800, 1000 മീറ്റര്‍ ഓട്ടം തുടങ്ങിയവയില്‍ നിരന്തരം മത്സരിച്ചു. മറ്റുള്ളവയിലൊക്കെ ജില്ലാതല വിജയിയായപ്പോള്‍ ഖോഖോയില്‍ ദേശീയതലം വരെ മത്സരിക്കാനായി.

മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം തുടരാനായില്ല. തുടര്‍ന്ന് അത്തോളിയിലെ സ്വകാര്യ കോളജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് പഠനം മുന്നോട്ടു പോയില്ല. കുടുംബം നോക്കാനായി പണിക്കു പോയിത്തുടങ്ങി.

ദൈവത്തെ തള്ളിയ യൗവ്വനം

ദൈവവിശ്വാസിയായിരുന്നു സാജി. പത്താം ക്ലാസ് വരെ മതബോധന ക്ലാസുകളില്‍ കൃത്യമായി പങ്കെടുത്തു. അള്‍ത്താര ബാലനായി. മുതിര്‍ന്നപ്പോള്‍ സാജിയോടൊപ്പം പ്രതിസന്ധികളും വളര്‍ന്നു. ‘കട ബാധ്യതകള്‍ കൂടുന്നു. വീടും സ്ഥലവുമെല്ലാം നഷ്ടപ്പെട്ടു. അമ്മയുടെ രോഗം. ജോലി ചെയ്ത് കിട്ടുന്ന തുക ഒന്നിനും തികയുന്നില്ല. പ്രാര്‍ത്ഥിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്നായിരുന്നു എനിക്ക് അന്ന് തോന്നിയത്. പള്ളിയില്‍ പോകാതെയായി. അമ്മയുടെ മരണത്തോടെ ഞാന്‍ ദൈവനിഷേധിയായി’ – സാജി ഓര്‍ക്കുന്നു.

ദൈവം തൊട്ടപ്പോള്‍

ധൂര്‍ത്ത പുത്രനെ കാത്തിരുന്ന പിതാവിനെപ്പോലെ ദൈവവും തനിക്കായി കാത്തിരിക്കുകയായിരുന്നെന്ന് സാജി പറയുന്നു. ‘ഒരിക്കല്‍ പണി കഴിഞ്ഞ് പോകുന്ന വഴി ഇടവക പള്ളിയായ കൂമുള്ളി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ കയറി. എംഎസ്എംഐ സന്യാസ സമൂഹത്തിലെ സിസ്റ്റര്‍ ലില്ലി പോള്‍ അവിടെയുണ്ടായിരുന്നു. പള്ളിയിലൊന്നും കാണുന്നില്ലല്ലോ എന്ന് സിസ്റ്റര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്റെ ദുഃഖങ്ങളുടെ കെട്ടഴിച്ചു. എല്ലാം കേട്ട സിസ്റ്റര്‍ പറഞ്ഞു പ്രാര്‍ത്ഥിക്ക്, ദൈവത്തോടൊപ്പം ചേര്‍ന്ന് നടക്ക്. ദൈവം വിജയം തരും. സിസ്റ്ററുടെ വാക്ക് എന്നെ സ്വാധീനിച്ചു. നാല്‍പതാം വയസ്സു മുതല്‍ പള്ളിയില്‍ പോയിത്തുടങ്ങി. അപ്പോള്‍ എന്റെ വഴികള്‍ ദൈവം എനിക്കായി തുറന്നു തരികയായിരുന്നു.’

പഞ്ചഗുസ്തിയിലേക്ക്

സ്‌കൂള്‍ പഠനകാലത്ത് പൂട്ടിവച്ച കളിമോഹങ്ങള്‍ നാല്‍പത്തഞ്ചാം വയസ്സിലാണ് സാജി തുറന്നു വിടുന്നത്. ഏകാന്തതയുടെ വിരസത അകറ്റനായിരുന്നു അത്. മത്സരിക്കണം എന്ന മോഹം കലശലായി. പലതും പരീക്ഷിച്ചു. പക്ഷേ, പ്രായം ഒരു പ്രശ്‌നമായി നിന്നു. അവിചാരിതമായാണ് പഞ്ചഗുസ്തിയിലേക്ക് തിരിയുന്നത്. ‘ഒരിക്കല്‍ ചേട്ടന്‍ സാന്റി ജോണിന്റെ വീട്ടില്‍ പോയി. ചേട്ടന്‍ പഞ്ചഗുസ്തി താരമാണ്. അവിടെ പരിശീലനത്തിനായി വച്ച മേശയില്‍ തമാശയ്ക്ക് ചേട്ടനുമായൊരു പഞ്ചഗുസ്തി മത്സരം നടത്തി. ഞാന്‍ ജയിച്ചു. ഇത്രയും എക്‌സ്പീരിയന്‍സുള്ള ചേട്ടനെ തോല്‍പ്പിച്ചപ്പോള്‍ കൊള്ളാമല്ലോ എന്ന് തോന്നി. ചേട്ടന്റെ മക്കളായ നോബി
ള്‍ സാന്റി, മെര്‍വിന്‍ സാന്റി എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പഞ്ചഗുസ്തി മത്സരത്തിനിറങ്ങി. ബാലപാഠങ്ങള്‍ ചേട്ടന്‍ തന്നെ പറഞ്ഞു തന്നു. 2022-ല്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുത്തു. തോല്‍വിയായിരുന്നു കാത്തിരുന്നത്. പക്ഷേ, ഞാന്‍ വിട്ടുകൊടുത്തില്ല. 2023-ല്‍ ജില്ലാ തല മത്സരത്തില്‍ സ്വര്‍ണം നേടി. പിന്നീട് ദൈവത്തിന്റെ കരംപിടിച്ചുള്ള ജൈത്രയാത്രയായിരുന്നു.’- സാജി പറയുന്നു.

2024-ല്‍ ദേശീയ തലത്തില്‍ പഞ്ചഗുസ്തിയില്‍ സ്വര്‍ണം നേടിയ സാജി 2025-ല്‍ അസര്‍ബൈജാനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രാന്റ് മാസ്റ്റര്‍ മെന്‍ 70 കിലോ വിഭാഗത്തില്‍ വലതു കൈ പഞ്ചഗുസ്തിയില്‍ വെങ്കലവും ഇടതു കൈ മത്സരത്തില്‍ നാലാം സ്ഥാനവും നേടി.

‘ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണയും യോഗ്യത നേടിയിട്ടും പോകാന്‍ പറ്റിയില്ലെന്നത് എന്നെ ഏറെ ദുഃഖിപ്പിച്ചിരുന്നു. ഇത്തവണയും പോകാനുള്ള പണം കയ്യില്‍ ഇല്ല. ആരോ പറഞ്ഞറിഞ്ഞ് കൂമുള്ളി ഇടവക വികാരിയായ ഫാ. ലിന്‍സ് മുണ്ടക്കല്‍ എന്നെ കാണാനായി ഞാന്‍ ജോലി ചെയ്യുന്ന പെട്രോള്‍ പമ്പില്‍ എത്തി. ചേട്ടന്‍ എന്തായാലും മത്സരത്തിനു പോകണം എന്ന് അച്ചന്‍ പറഞ്ഞു. പിറ്റേ ഞായറാഴ്ച കുര്‍ബാന പ്രസംഗ മധ്യേ എന്റെ കാര്യം അച്ചന്‍ പള്ളിയില്‍ പറഞ്ഞു. ഇടവകാംഗങ്ങളില്‍ ചിലര്‍ സാമ്പത്തിക സഹായം നല്‍കി. ചില സുഹൃത്തുക്കളും പെട്രോള്‍ പമ്പ് മാനേജ്‌മെന്റും സഹായിച്ചു. അങ്ങനെയാണ് അസര്‍ബൈജാനിലേക്ക് പോകുന്നത്.’

പരിമിത സൗകര്യങ്ങളില്‍ നിന്നാണ് സാജിയുടെ പരിശീലനം. വാടക വീട്ടിലെ മുറിയില്‍ മേശയില്‍ ഒരു സിമന്റ് കല്ല് വച്ച്, അതിനു മുകളില്‍ ഒരു കുഷ്യനിട്ട്, ജനലില്‍ ഘടിപ്പിച്ച കപ്പിയില്‍ കയറിട്ട്, ഭാരത്തിനായി സിമന്റ് കല്ല് നിറച്ച ബക്കറ്റ് കെട്ടി, അത് വലിച്ചാണ് പരിശീലിക്കുന്നത്. എല്ലാം സ്വയം നിര്‍മിച്ച പരിശീലന സാമഗ്രികള്‍. ‘വിദേശ താരങ്ങളുടെ കൈ കാണുമ്പോള്‍ തന്നെ പേടി തോന്നും. അത്രയ്ക്കും ബലിഷ്ഠമായ കൈകള്‍. അവരുടെ ആഹാര രീതിയും പരിശീലന തീവ്രതയുമെല്ലാം ആ കൈകള്‍ കണ്ടാല്‍ അറിയാം. പക്ഷേ, എനിക്ക് അവരുടേതു പോലെ ആഹാര രീതി പിന്തുടരാനോ, പരിശീലനം നടത്താനോ ഉള്ള സാഹചര്യമില്ല. ദൈവത്തില്‍ ആശ്രയിച്ച് ഞാനൊരു പിടിപിടിക്കും. ദൈവം എനിക്ക് വിജയം തരും’ -സാജി പറയുന്നു.

സാജിയുടെ സ്വപ്നം

ഈ വര്‍ഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടണമെന്നും വിജയ
പീഠത്തില്‍ കയറി ഇന്ത്യന്‍ പതാക പുതച്ചു നില്‍ക്കണമെന്നുമാണ് സാജിയുടെ ആഗ്രഹം. ദേശീയതല മത്സരം ജമ്മുകാശ്മീരിലാണ്. അതില്‍ വിജയം നേടുമെന്ന ആത്മവിശ്വാസം സാജിയുടെ വാക്കുകളിലുണ്ട്.

നാട്ടിലെ താരം

ലോക മെഡല്‍ നേട്ടം സാജിയെ നാട്ടിലെ താരമാക്കി. ഇടവകപ്പള്ളിയും വിവിധ സംഘടനകളും സാജിയെ ആദരിച്ചു. കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി പല രക്ഷിതാക്കളും വിളിക്കുന്നു. കടകളുടെ ഉദ്ഘാടന ചടങ്ങുകളിലും സാജി മുഖ്യാതിഥിയാണ്. അധികൃതരുടെ അവഗണനയിലുള്ള പരിഭവം സാജി മറച്ചു വയ്ക്കുന്നില്ല, ‘സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു സ്വീകരണം നല്‍കിയെന്നതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും ലഭിക്കുന്നില്ല. അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പണത്തിന്റെ പരിമിതികൊണ്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണം. കഴിവ് മാത്രം മാനദണ്ഡമാക്കിയാല്‍ കേരളത്തില്‍ നിന്ന് ധാരാളം താരങ്ങള്‍ ഉയര്‍ന്നു വരും. അങ്ങനെയൊരു സാഹചര്യം ഒരുക്കാനും അവര്‍ക്കു വേണ്ട പരിശീലനം നല്‍കാനും കായിക വകുപ്പ് ശ്രദ്ധിക്കണം.’ സാജി പറഞ്ഞു.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.