ജനുവരി 13: വിശുദ്ധ ഹിലരി (മെത്രാന്‍, വേദപാരംഗതന്‍)
അക്വിറ്റെയിനില്‍ പോയിറ്റിയേഴ്സ് എന്ന സ്ഥലത്ത് വിജാതീയരില്‍ നിന്ന് ജനിച്ച ഹിലരി വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയാണ് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചത്. താമസിയാതെ ഭാര്യയെയും മകളെയും കൂടി മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അധികം വൈകാതെ പൗരോഹിത്യം സ്വീകരിക്കുകയും 353-ല്‍ സ്വദേശത്തെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയുമുണ്ടായി.
എല്ലാ പ്രവൃത്തികളും പ്രഭാഷണങ്ങളും ഏതെങ്കിലും ദൈവസ്തുതി ചെല്ലിക്കൊണ്ട് മാത്രമെ ആരംഭിക്കാവൂ എന്ന നിഷ്ഠയുണ്ടായിരുന്നു. ദൈവനിയമങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് അദ്ദേഹം ജീവിച്ചിരുന്നത്. സര്‍വ്വ പ്രവൃത്തികളും ദൈവസ്തുതിയെ ലക്ഷ്യമാക്കി ചെയ്തുകൊണ്ടിരുന്നു. മര്‍ദ്ദനങ്ങളെയും രക്തസാക്ഷിത്വത്തെയും സദാ സ്വാഗതം ചെയ്തുകൊണ്ടിരുന്ന ഹിലരി നിര്‍ഭയനായി സത്യത്തെ അനുധാവനം ചെയ്തു. തിരുസഭയുടെ മഹാ വേദപാരംഗതന്‍ എന്നാണ് വിശുദ്ധ അഗസ്റ്റിന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഹിലരി എന്ന പദത്തിന് സന്തുഷ്ടന്‍ എന്നാണര്‍ത്ഥം. സന്തോഷത്തോടെ നിര്‍ഭയം തിരുസഭയെ സേവിച്ച ഹിലരി 53-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.