ജനുവരി 17: ഈജിപ്തിലെ വിശുദ്ധ ആന്റണി
വിശുദ്ധ ആന്റണി ഈജിപ്തില്‍ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ഏകദേശം 20 വയസുള്ളപ്പോള്‍ അദ്ദേഹം ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയുടെ സുവിശേഷത്തില്‍ ഇപ്രകാരം വായിക്കുന്നതു കേട്ടു, ‘നീ പരിപൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിക്കുള്ള സമസ്തവും വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക.’ ആന്റണി തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തു. മറ്റ് സന്യാസികളുടെ ജീവിതമുറ മനസിലാക്കി അദ്ദേഹം നൈല്‍ നദിയുടെ കിഴക്കുവശത്തുള്ള വിജന പ്രദേശത്തുപോയി ഏകാന്തം ഭജിച്ചു.
ആന്റണിയെ അനുകരിച്ച് അനേകര്‍ എത്തി. ശിഷ്യന്മാരുടെ ബാഹുല്യം നിമിത്തം അദ്ദേഹം നൈല്‍ നദിക്കും ചെങ്കടലിനും മദ്ധ്യേയുള്ള മറ്റൊരു വനത്തിലേക്ക് നീങ്ങി. അവിടെ 45 വര്‍ഷം താമസിച്ചു. പിശാച്ചുക്കള്‍ ആന്റണിയെ വളരെ മര്‍ദ്ദിച്ചുവെന്ന് പറയുന്നു. ‘ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്ക് എന്നെ ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് അകറ്റുവാന്‍ കഴിയുകയുമില്ല’ എന്നാണ് അദ്ദേഹം പിശാച്ചുക്കളോട് പറഞ്ഞത്.
പ്രലോഭനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ആന്റണി ആശാനിഗ്രഹവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചിരുന്നു. ഈശോയോടുള്ള സ്‌നേഹത്തില്‍ നിന്ന് യാതൊന്നും എന്നെ അകറ്റുകയില്ലെന്ന അപ്പസ്‌തോലന്റെ മനോഭാവമായിരുന്നു സന്യാസിവര്യനായ വിശുദ്ധ ആന്റണിയുടേതും.