Diocese News

കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 22ന്


താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനം ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കുളത്തുവയലില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും വചന സന്ദേശവുമുണ്ടാകും.

മാര്‍ച്ച് 21-ന് രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായി കുളത്തുവയലിലെത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.

ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെ വലിയ അനുഭവമായി കുളത്തുവയല്‍ തീര്‍ത്ഥാടനം മാറിയെന്നും കര്‍ത്താവിന്റെ അനവധിയായ കൃപകളെ ആശ്ലേഷിക്കാനുള്ള അസുലഭമായ സാഹചര്യമാണ് തീര്‍ത്ഥാടനത്തിലൂടെ ഒരുങ്ങുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.

യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിക്കും.

തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നവര്‍ക്ക് തിരികെ പോകാന്‍ പ്രധാന കേന്ദ്രങ്ങളിലേക്ക് ബസ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *