ആല്‍ഫാ മരിയ അക്കാദമി: പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകിട്ട് നാലിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്.
”ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന സ്ഥാപനമായി ആല്‍ഫാ അക്കാദമി മാറിയെന്നത് അഭിമാനകരമാണ്. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കലിനും ആല്‍ഫാ മരിയ ട്രസ്റ്റ് അംഗങ്ങള്‍ക്കും ആല്‍ഫാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു” – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
”മത്സര പരീക്ഷാ പരിശീലനരംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആല്‍ഫാ മരിയ അക്കാദമിക്ക് സാധിച്ചു എന്നത് ഏറെ സന്തോഷകരമാണ്. പുതിയ പരിശീലന പദ്ധതികളിലൂടെയും കോഴ്സുകളിലൂടെയും സാധ്യതകളുടെ പുതുവാതായനങ്ങള്‍ തുറക്കുകയാണ് ആല്‍ഫയുടെ ലക്ഷ്യം” – ആല്‍ഫാ അക്കാദമി ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കല്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല തുടങ്ങിയവര്‍ പങ്കെടുക്കും.
സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സ്, ജര്‍മന്‍ ഭാഷാ പരിശീലനം, പിഎസ്സി പരീക്ഷാ പരിശീലനം, കെ. ടെറ്റ് പരീക്ഷാ പരിശീലനം, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്കോളര്‍ഷിപ് പരിശീലനം, കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം തുടങ്ങിയ കോഴ്സുകളാണ് ആല്‍ഫാ അക്കാദമിയില്‍ നിലവിലുള്ളത്.
താമരശ്ശേരി രൂപതയുടെ രജതജൂബിലിയോടനുബന്ധിച്ച് 2010-ലാണ് ആല്‍ഫാ അക്കാദമി തിരുവമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.