Daily Saints

മാര്‍ച്ച് 18: ജറുസലേമിലെ വിശുദ്ധ സിറില്‍


പലസ്തീനയില്‍നിന്നുള്ള ഏക വേദപാരംഗതനാണ് വിശുദ്ധ സിറില്‍. അദ്ദേഹം ജറുസലേമില്‍ ജനിച്ചു; 384 മുതല്‍ 386 വരെ അവിടെ മെത്രാനുമായിരുന്നു. കാല്‍വരിയിലെ പ്രഥമ ദേവാലയം പണിതുപൊങ്ങുന്നതും മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തി ക്രിസ്തുവിന്റെ പ്രവചനത്തെ പരാജയപ്പെടുത്താന്‍ 363-ല്‍ ജറുസലേം ദേവാലയം പണിയാന്‍ തുടങ്ങിയപ്പോള്‍ തറയില്‍ നിന്ന് അഗ്‌നി വമിച്ചതും സിറില്‍ നേരില്‍ കണ്ട കാര്യങ്ങളാണ്.

മെത്രാനായിരിക്കുമ്പോള്‍ മൂന്നു പ്രാവശ്യം നാടുകടത്തപ്പെട്ടു. 358-നും 360-നും മധ്യേ രണ്ടുപ്രാവശ്യവും 367 മുതല്‍ 378 വരെ തുടര്‍ച്ചയായി 11 വര്‍ഷവും വിപ്രവാസം അനുഭവിച്ചു.

സിറിലിന്റെ കാലത്ത് ജനങ്ങള്‍ വിശുദ്ധ കുര്‍ബാന ഇരു സാദൃശ്യങ്ങളിലും സ്വീകരിച്ചിരുന്നു. അപ്പം അവരവരുടെ കൈയിലാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ എത്ര ശ്രദ്ധയോടെ വേണമെന്ന് സിറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു കേള്‍ക്കുക: ‘കൈകള്‍ അകത്തിയോ വിരലുകള്‍ അകറ്റിയോ പിടിക്കാതെ ഇടതുകൈ വലതുകരത്തിന്റെ മീതെവച്ച് ഒരു സിംഹാസനം തയ്യാറാക്കി ഒരു രാജാവിനെയെന്നപോലെ സ്വീകരിക്കുക. ഉള്ളംകൈ കുഴിപോലെ പിടിച്ച് മിശി ഹായുടെ ശരീരം സ്വീകരിച്ച്, ‘ആമേന്‍’ എന്നു പറയുക. പരിശുദ്ധ ശരീരം തൊടുമ്പോള്‍ കണ്ണുകള്‍ ഭക്തിനിര്‍ഭരമായിരിക്കണം. അനന്തരം ഒരു പൊടി പോലും താഴെ വീഴാതെ ഭക്ഷിക്കുക.’ നിസ്തുലനായ ഈ ഉപദേശിയെ 13-ാം ലെയോന്‍ മാര്‍പ്പാപ്പ 1882 ജൂലൈ 28-ന് വേദപാരംഗതനായി പ്രഖ്യാപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *