Special Story

ക്ലേശങ്ങളിലെ വളര്‍ച്ചാവഴികള്‍


കണ്ടുപിടുത്തങ്ങളിലൂടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അമേരിക്കക്കാരനായ തോമസ് ആല്‍വ എഡിസന്‍ (1847-1931). വൈദ്യുത ബള്‍ബും ഗ്രാമഫോണുമടക്കം ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയത് അദ്ദേഹമാണ്. പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കായി എഡിസന്‍ വിപുലമായ ലാബ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.

1914 ഡിസംബര്‍ 10ന് വൈകിട്ട് ന്യൂ ജഴ്‌സിയിലെ അദ്ദേഹത്തിന്റെ പരീക്ഷണശാലയില്‍ വലിയ അഗ്നിബാധയുണ്ടായി. ഫയര്‍ എന്‍ജിനുകള്‍ പാഞ്ഞെത്തിയെങ്കിലും 10 പരീക്ഷണ പ്ലാന്റുകള്‍ അവയിലെ രാസവസ്തുക്കള്‍ക്കും ഉപകരണങ്ങള്‍ക്കുമൊപ്പം കത്തിയമര്‍ന്നു.

തീ ആളിപ്പടര്‍ന്നു കൊണ്ടിരുന്നപ്പോള്‍ എഡിസന്‍ അടുത്തുണ്ടായിരുന്ന മകന്‍ ചാള്‍സിനോടു പറഞ്ഞു: ‘നീ വേഗം പോയി അമ്മയോട് കൂട്ടുകാരെയും കൂട്ടി വരാന്‍ പറയുക. ഇത്തരത്തിലുള്ള അഗ്നിബാധ അവര്‍ക്കിനി കാണാന്‍ കഴിഞ്ഞെന്നു വരില്ല.’

അഗ്നിബാധ വലിയ നഷ്ടമുണ്ടാക്കി. പക്ഷേ എഡിസന്‍ നഷ്ടധീരനായില്ല. ‘എനിക്കിപ്പോള്‍ 67 വയസായെങ്കിലും നാളെത്തന്നെ പരീക്ഷണശാലകള്‍ പുനര്‍നിര്‍മിക്കു’മെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധിയോട് അദ്ദേഹം പറഞ്ഞു.
കത്തിപ്പോയ പരീക്ഷണശാലകളിലെ മുതല്‍മുടക്കിന്റെ മൂന്നിലൊന്നു തുകയ്‌ക്കേ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നുള്ളൂ. സുഹൃത്ത് ഹെന്റി ഫോര്‍ഡ് വായ്പയായി പണം നല്‍കി. മൂന്നാഴ്ച കൊണ്ട് പരീക്ഷണശാലകള്‍ പുനര്‍ നിര്‍മിച്ചു. തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റ് ജോലി ചെയ്ത് പ്ലാന്റുകളെ പൂര്‍വ സ്ഥിതിയിലാക്കി.

പ്രതിസന്ധി ഘട്ടത്തെ നര്‍മ മധുരമായ ധീരത കൊണ്ട് നേരിടുകയായിരുന്നു എഡിസന്‍. അന്ന് അദ്ദേഹം നിരാശനായി തളര്‍ന്നിരുന്നെങ്കില്‍ ഇന്നു ലോകം ആരാധിക്കുന്ന എഡിസന്‍ ഉണ്ടാകുമായിരുന്നില്ല.

ക്ലേശങ്ങളും പീഡകളും വരുമ്പോള്‍ എന്തുകൊണ്ട് എന്ന ചോദ്യം ബോധമുദിച്ച കാലം മുതല്‍ മനുഷ്യന്‍ ചോദിക്കുന്നതാണ്. ആരോടും ദ്രോഹം ചെയ്യാത്ത എനിക്ക് എന്തിനീ ദുരിതം എന്നും വിലപിക്കും. ക്ലേശത്തിനു പിന്നിലുള്ള കാരണം മനസിലാക്കാനുള്ള ശ്രമമാണു പിന്നീട്. ബാധ ഒഴിപ്പിക്കലും മന്ത്രവാദവും സമയദോഷം നീക്കലുമെല്ലാം തഴച്ചു വളരുന്നത് ഇവിടെയാണ്.

ഭാരതീയ ദര്‍ശനമനുസരിച്ച് നശ്വരമായ ജീവിതവുമായി നരജന്മം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ക്ലേശങ്ങള്‍ സ്വാഭാവികമാണ്. ഇന്നത്തെ യുവാവ് കുറച്ചു കഴിഞ്ഞ് വൃദ്ധനായി മരിക്കും. ധനവാന്‍ ദരിദ്രനാകും. തിരിച്ചുമാകാം. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ലോകത്ത് ക്ലേശവും സന്തോഷവും മാറിമാറി വന്നുകൊണ്ടിരിക്കും. അതിനാല്‍ ലോകം മായയാണ്.

സന്തോഷം തേടലല്ല, കഷ്ടപ്പാടുകളെ മറികടക്കാനുള്ള മാര്‍ഗം. രണ്ടും മായയാണെന്നു മനസിലാക്കി ഇതിന് ഉപരിയായി ഉയരാന്‍ കഴിയണമെന്ന് ഉപനിഷത്തുകള്‍ ഉപദേശിക്കുന്നു.

അതുകൊണ്ടാണ് ശങ്കരാചാര്യര്‍ ‘ബ്രഹ്മസത്യം ജഗത് മിഥ്യ’ എന്നു പറഞ്ഞത്. ഈശ്വരന്‍ മാത്രം സത്യം, ലോകം മിഥ്യയാണ് എന്ന് അര്‍ത്ഥം.

ഞെരുക്കങ്ങള്‍ മാനസാന്തരത്തിനുള്ള ക്ഷണമാണ്. തുടരെത്തുടരെ പീഡകള്‍ ഉണ്ടാകുമ്പോള്‍ കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും പാകപ്പിഴകളുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. സ്വന്തം ചെയ്തികളെക്കുറിച്ച് ധ്യാനപൂര്‍വം ചിന്തിക്കണം. പ്രാര്‍ത്ഥനയും സല്‍കൃത്യങ്ങളുമുള്ളവര്‍ക്ക് അപകട സൂചനകള്‍ പെട്ടെന്നു വ്യക്തമാകും. എന്നാല്‍ ആത്മീയ-ധാര്‍മിക ശക്തി നഷ്ടപ്പെട്ടവര്‍ക്ക് പുക പിടിച്ച നിലക്കണ്ണാടിയില്‍ നോക്കുന്നതു പോലെ സ്വന്തം തകരാറുകള്‍ പിടികിട്ടില്ല.

കുറച്ചുകൂടി നന്നായി ആരോഗ്യം സംരക്ഷിക്കാന്‍ രോഗങ്ങള്‍ പ്രേരിപ്പിക്കും. ഫ്രഡറിക് നീഷേയുടെ അഭിപ്രായത്തില്‍ കൊല്ലാത്ത ക്ലേശങ്ങളെല്ലാം നമ്മെ ശക്തിപ്പെടുത്തുകയേയുള്ളൂ. സമചിത്തതയോടെ കാര്യങ്ങള്‍ പഠിക്കാന്‍ അത് സഹായിക്കും.
മനോഹരമായ പൂപ്പാത്രം താഴെ വീണ് ഉടഞ്ഞാല്‍ പിന്നീട് മേശപ്പുറത്ത് വയ്ക്കാന്‍ കൊള്ളില്ല. പൊട്ടിയ പൂപ്പാത്രം പോലെയാണ് ക്ലേശം. കരഞ്ഞിട്ടു കാര്യമില്ല. ഇതില്‍ നിന്ന് പാഠം പഠിച്ച് പുതിയ പൂപ്പാത്രം ജീവിതത്തില്‍ വയ്ക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്തവരെയാണ് മഹാത്മാക്കള്‍ എന്നു ലോകം കൊണ്ടാടുന്നത്. ക്ലേശത്തെ ആനന്ദാനുഭവമായി മാറ്റിയവരാണ് വിശുദ്ധാത്മാക്കള്‍.

തിരുവിതാംകൂറിലെ സാമ്പത്തിക ഞെരുക്കമാണ് മലബാര്‍ കുടിയേറ്റത്തിന്റെ ചാലക ശക്തി. ദൈവാശ്രയത്തില്‍ എല്ലാം അര്‍പ്പിച്ച് അധ്വാനിച്ചതിന്റെ ഫലമാണ് ഇന്ന് മലബാറിലെ മലകളില്‍ കാണുന്ന ഐശ്വര്യം. ഇവിടെ ക്ലേശങ്ങള്‍ സര്‍ഗശേഷിയെ ഉണര്‍ത്തി. ജീവിത വീക്ഷണത്തെ പരിവര്‍ത്തനപ്പെടുത്തി.

ക്ലേശങ്ങള്‍ സസ്യങ്ങളെപ്പോലും ഫലദായക പ്രാപ്തിയുള്ളതാക്കുന്നു. കുരുമുളകു വള്ളികള്‍ വേനലേറ്റു വാടിയാല്‍ മാത്രമേ മഴക്കാലത്ത് തളിരിട്ട് തിരികളുണ്ടാവുകയുള്ളൂ. വെള്ളവും വളവും ആവശ്യത്തിലേറെ കൊടുത്താല്‍ സസ്യങ്ങളില്‍ ഇലച്ചാര്‍ത്തു കൂടാം. കായ്കളോ, ഫലങ്ങളോ കാര്യമായി ഉണ്ടാവില്ലെന്ന് നല്ല കര്‍ഷകര്‍ക്കറിയാം. മുളയ്ക്കുമ്പോള്‍ കരുത്തു കിട്ടാന്‍ വിത്തിനെ മഞ്ഞും വെയിലും കൊള്ളിക്കും.

ദാരുണമായ പീഡനങ്ങളെ ധീരതയോടെ, രക്ഷാകരമായി നേരിട്ടതു കൊണ്ടാണ് യേശു ലോകാരാധ്യനായിത്തീര്‍ന്നത്. കുരിശിലെ കരുണയും സ്‌നേഹവും ക്ഷമയും അവിശ്വാസികളെപ്പോലും ഇന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. മരണം അവസാനമല്ല, ഉത്ഥാനമുണ്ട് എന്ന സത്യം ക്ലേശമനുഭവിക്കുന്ന മനുഷ്യന് എന്നും പ്രത്യാശയുടെ പൊന്‍ വെളിച്ചമായിത്തീരുന്നു. ‘നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസാരമാണെന്നു ഞാന്‍ കരുതുന്നു’ (റോമ 8:18).

ഓരോ ക്ലേശവും കുരിശിനോടു ചേര്‍ത്തു വയ്ക്കുമ്പോഴാണ് അര്‍ത്ഥം മനസിലാകുന്നതും ആശ്വാസം ലഭിക്കുന്നതും. അപ്പോള്‍ ക്ലേശങ്ങള്‍ അനുഗ്രഹദായകമായി തീര്‍ന്ന് ഉള്ളു നിറയുന്ന നിര്‍വൃതി അനുഭവിക്കാന്‍ കഴിയും.


Leave a Reply

Your email address will not be published. Required fields are marked *