Daily Saints

മാര്‍ച്ച് 20: വിശുദ്ധ കത്ത്‌ബെര്‍ട്ട് മെത്രാന്‍


സ്‌കോട്ട്‌ലന്റില്‍ മെല്‍റോസ് എന്ന സ്ഥലത്ത് ജനിച്ച കത്ത്‌ബെര്‍ട്ട് സ്ഥലത്തെ ആശ്രമവുമായി അടുത്ത ബന്ധത്തിലാണ് ബാല്യംമുതല്‍ വളര്‍ന്നത്. ഒരു രാത്രി ആടുകളെ കാത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുമ്പോള്‍ വിശുദ്ധ അയിഡാന്റെ ആത്മാവ് മാലാഖാമാരുടെ അകമ്പടിയോടുകൂടി സ്വര്‍ഗത്തിലേക്കു പോകുന്ന ഒരു കാഴ്ച യുവാവായ കത്ത്‌ബെര്‍ട്ടിനുണ്ടായി. ഈ കാഴ്ച കത്ത്‌ബെര്‍ട്ടിനെ മെല്‍റോസാശ്രമത്തില്‍ ചേരാനിടയാക്കി. ആശ്രമശ്രേഷ്ഠന്റെ കീഴില്‍ കത്ത്‌ബെര്‍ട്ട് വിശുദ്ധഗ്രന്ഥം പഠിച്ചു; തീക്ഷ്ണമായ ഒരു ജീവിതം നയിച്ചു. ഗുരു മരിച്ചപ്പോള്‍ അദ്ദേഹം പ്രിയോരായി തിരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തും പരിസരങ്ങളിലുമുണ്ടായിരുന്ന അന്ധവിശ്വാസം നീക്കാന്‍ അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പിന്നീട് ലിന്‍ടിസുഫാണ്‍ ആശ്രമത്തിലേക്ക് സ്ഥലം മാറിപ്പോയപ്പോള്‍ അവിടെയും അദ്ദേഹം അന്ധവിശ്വാസത്തോടു സമരം ചെയ്തു.

കൂടുതല്‍ ഏകാന്തം അന്വേഷിച്ച് അദ്ദേഹം ലിന്‍ടിസുഫാണില്‍നിന്ന് ഫാന്‍ ദ്വീപിലേക്കു കടന്നു സ്വയം അദ്ധ്വാനിച്ചു ജീവിച്ചു. അവിടെവച്ചും അദ്ദേഹം ആദ്ധ്യാത്മികോപദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ തന്റെ കൊച്ചുമുറിയില്‍ നിന്നു പുറത്തുകടക്കാതെ ഒരു കിളിവാതിലിലൂടെ ആയിരുന്നു ഇത്. ഈ ഏകാന്തത്തില്‍ ദൈവസ്തുതികള്‍ പാടിയും ധ്യാനിച്ചുമാണ് കത്ത് ബെര്‍ട്ട് ജീവിച്ചുപോന്നത്.

ട്വിഫോര്‍ഡില്‍ വിശുദ്ധ തെയോഡോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെത്രാന്മാരുടെ സൂനഹദോസ് ഏകാന്തത്തില്‍ കഴിഞ്ഞിരുന്ന കത്ത്‌ബെര്‍ട്ടിനെ ലിന്‍ടിസുഫാണിലെ ബിഷപ്പായി തിരഞ്ഞെടുത്തു. പുതിയ സ്ഥാനം ലഭിച്ചപ്പോഴും തപോനിഷ്ഠയ്ക്ക് കുറവു വരുത്തിയില്ല. ചുറ്റിനടന്ന് അദ്ദേഹം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. രണ്ടുകൊല്ലത്തെ ഭരണംകഴിഞ്ഞു ഫാന്‍ദ്വീപിലേക്കു പോയി അവിടെവച്ചു മരിച്ചു. വിശുദ്ധ കത്ത്‌ബെര്‍ട്ടിന്റെ ജീവിതം അനുസ്യൂതമായ പ്രാര്‍ത്ഥനയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *