ചൈനയില്‍ കത്തോലിക്കരുടെ എണ്ണം വര്‍ധിക്കുന്നു
ചൈനയില്‍ ഓരോവര്‍ഷവും ജ്ഞാനസ്‌നാനം സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ അംഗങ്ങളാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഉയിര്‍പ്പുതിരുനാള്‍ ദിവസം മാത്രം ഷാങ്ഹായില്‍ 470 ആളുകള്‍ മാമ്മോദീസ സ്വീകരിച്ചു. ചൈനയിലെ മറ്റു കത്തോലിക്കാ രൂപതകളിലും നിരവധി ആളുകളാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ട് സഭയില്‍ അംഗങ്ങളായത്.
മാമ്മോദീസ സ്വീകരിച്ച 470 പേരില്‍ 349 ആളുകള്‍ക്ക് പ്രാരംഭകൂദാശകളായ മാമോദീസ, സ്ഥൈര്യലേപനം, വിശുദ്ധ കുര്‍ബാന എന്നിവ ഒരുമിച്ച് നല്‍കി.
ഷാങ്ഹായ്ക്കു പുറമെ, ബെയ്ജിങ്, വെന്‌ലിങ്, തായ്ജൂ എന്നീ രൂപതകളിലും നൂറുകണക്കിന് ആളുകള്‍ സ്‌നാനം സ്വീകരിച്ചു പുതിയതായി കത്തോലിക്കാ തിരുസഭയില്‍ അംഗങ്ങളായി. വെന്‌ലിങ്ങില്‍ ഒരു പുതിയ ദേവാലയത്തിന്റെ കൂദാശയും ഈസ്റ്റര്‍ ദിനത്തില്‍ നടന്നു. നിംഗ്‌ബോ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് സേവ്യര്‍ ജിന്‍ യാങ്കെ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കടുത്ത നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് ചൈനയിലെ കത്തോലിക്കര്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തുന്നത്. പള്ളികള്‍ ഏകപക്ഷീയമായി അടച്ചു പൂട്ടുന്നതും വിശ്വാസികളെ നിരന്തരം നിരീക്ഷിക്കുന്നതും തടവിലാക്കുന്നതും ചൈനയില്‍ പതിവാണ്. ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കുന്ന ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന രാജ്യങ്ങളുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 19-ാം സ്ഥാനമാണ് ചൈനയ്ക്ക്. 9 കോടി 67 ലക്ഷം ക്രിസ്ത്യാനികള്‍ ചൈനയിലുണ്ടെന്നാണ് ഓപ്പണ്‍ ഡോര്‍സ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.