Daily Saints

മെയ് 6: വിശുദ്ധ ഡൊമിനിക് സാവിയോ


1842 ഏപ്രില്‍ രണ്ടിന് ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്ത് ചാള്‍സ് – ബ്രിജീത്താ എന്നീ ദരിദ്രമാതാപിതാക്കന്മാരില്‍നിന്ന് ഡൊമിനക് ജനിച്ചു. അനുസരണയിലും സ്‌നേഹത്തിലും അവന്‍ വളര്‍ന്നു. കുട്ടിയായിരുന്ന ഡൊമിനിക് മാതാപിതാക്കന്മാരോട് പ്രദര്‍ശിപ്പിച്ചിരുന്ന സ്‌നേഹത്തിന് ഒരുദാഹരണം പറയാം. തൊഴില്‍ കഴിഞ്ഞുവരുന്ന പിതാവിന്റെ കൈയിലോ കഴുത്തിലോ പിടിച്ചിട്ട് അവന്‍ പറയും: ”പ്രിയ അപ്പാ, അപ്പന്‍ വളരെ ക്ഷീണിച്ചുവല്ലേ? അപ്പന്‍ എനിക്കുവേണ്ടി കഠിനവേല ചെയ്യുന്നു. ഞാന്‍ അപ്പന് ഒരസഹ്യ ഹേതുവാണ്. അപ്പനും അമ്മയ്ക്കും ആരോഗ്യം തരാനും ഞാന്‍ ഒരു നല്ല കുട്ടിയാകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കും.” വീടിനുള്ളില്‍ കയറിക്കഴിയുമ്പോള്‍ ചെറിയകാര്യങ്ങളില്‍ അവന്‍ അപ്പനെ പരിചരിക്കും. നാല് വയസ്സായതില്‍പ്പിന്നെ ഒരിക്കലും പ്രഭാതജപം, രാത്രിജപം, ഭക്ഷണത്തിനുള്ള പ്രാര്‍ത്ഥനകള്‍, ത്രികാല ജപം എന്നിവ അവനെ അനുസ്മരിപ്പിക്കേണ്ടിയിരുന്നില്ല. മാതാപിതാക്കന്മാര്‍ മറന്നാല്‍ അവന്‍ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു.

രണ്ട് നാഴിക നടന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് ഏഴാമത്തെ വയസ്സില്‍ അവന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. തലേദിവസം അവന്‍ അമ്മയോട് പറഞ്ഞു: ‘ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ പോകയാണ്. എന്റെ കുറ്റങ്ങളെല്ലാം എന്നോട് ക്ഷമിക്കണമേ. ഭാവിയില്‍ ഞാന്‍ നന്നായി പെരുമാറിക്കൊള്ളാം. ഞാന്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. കൂടുതല്‍ ആദരവും അനുസരണയുമുള്ളവനായിരിക്കും. അമ്മ പറയുന്നതെല്ലാം ഞാന്‍ ചെയ്യും.’ അമ്മ ആനന്ദാശുക്കള്‍ പൊഴിച്ചു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണധ്യാനത്തില്‍ അവന്‍ എടുത്ത പ്രതിജ്ഞകള്‍ എല്ലാ കുട്ടികള്‍ക്കും മാതൃകയായിരിക്കും.

  1. ഞാന്‍ അടുക്കലടുക്കല്‍ കുമ്പസാരിക്കും: കുമ്പസാരക്കാരന്‍ അനുവദിക്കുന്നതനുസരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കും.
  2. കടമുള്ള ദിവസങ്ങള്‍ ഞാന്‍ വിശുദ്ധമായി ആചരിക്കും.
  3. ഈശോയും മറിയവും എന്റെ സ്‌നേഹിതന്മാരായിരിക്കും
  4. പാപത്തേക്കാള്‍ മരണം ഭേദം

പത്താമത്തെ വയസ്സില്‍ വീട്ടില്‍നിന്ന് ദിനംപ്രതി 14 കിലോമീറ്റര്‍ നടന്ന് കാസ്റ്റെല്‍നോവോയില്‍ പഠനമാരംഭിച്ചു. 1852-ല്‍ സാവിയോ മോണ്ടോനോയോയിലേക്കു കുടുംബം താമസം മാറ്റി. 1854-ല്‍ ഡൊമിനിക് പൗരോഹിത്യത്തെ ഉദ്ദേശിച്ച് ടൂറിനിലുള്ള ഡോണ്‍ബോസ്‌കോയുടെ ഓററ്ററിയില്‍ ചേര്‍ന്നു. അവിടെ അവന്‍ ഡോണ്‍ബോസ്‌കോയുടെ കണ്ണിലുണ്ണിയായി. അക്കൊല്ലമാണ് ദൈവമാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അന്നത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോമിനിക്കു ഉരുവിട്ടു: ‘ഓ മറിയമേ, എന്റെ ഹൃദയം അങ്ങേക്കു തരുന്നു. അത് എന്നും നിന്റേതായി സൂക്ഷിക്കണമേ. ഈശോ മറിയമേ, എന്റെ സ്‌നേഹിതരായിരിക്കേണമേ.’ അധികാരികളുടെ അനുവാദത്തോടുകൂടി അമലോത്ഭവ ഭക്തി പ്രോത്സാഹിപ്പിക്കാനായി 1856-ല്‍ ഡോമിനിക്കു ഒരു സൊഡാലിറ്റി സ്ഥാപിച്ചു.

ഓറ്ററിയില്‍ പഠനത്തില്‍ സാമര്‍ത്ഥ്യമില്ലാത്തവരെ ഡൊമിനിക് സഹായിച്ചിരുന്നു. അന്യര്‍ ചെയ്യുന്ന കുറ്റം അവന്‍ തലയില്‍ ആരോപിച്ച് ശാസിക്കപ്പെട്ടാലും അവന്‍ സ്വയം നീതികരിച്ചിരുന്നില്ല.

പരിശുദ്ധനായ ഈ ബാലന്‍ ലോകത്തില്‍ അധികം ജീവിക്കാന്‍ ദൈവം തിരുമനസ്സായില്ല. ഓറ്ററിയില്‍ വന്നപ്പോള്‍ ക്ഷീണിതഗാത്രനായിരുന്ന ഡൊമിനിക്ക് ഓറട്ടറിയിലെ 3 കൊല്ലത്തെ ജീവിതംകൊണ്ട് ഒന്നുകൂടി ക്ഷീണിതനായി. ഡോണ്‍ ബോസ്‌കോയുടെ ഒരു സ്‌നേഹിതന്‍ വല്ലൗരി കുട്ടിയെ പരിശോധിച്ചിട്ട് പറഞ്ഞു ഡൊമിനിക്കിന്റെ ജീവിതരീതി മാറുന്നത് നന്നായിരിക്കും എന്ന്. വളരെ മനസ്താപത്തോടെ അവന്‍ ഭവനത്തിലേക്ക് പോയി അവിടെ മരണത്തിനുള്ള ഒരുക്കമായിരുന്നു കുട്ടിയുടെ പ്രത്യേക ഭക്തി. 1857 മാര്‍ച്ച് ഒമ്പതിന് ഡൊമിനിക് സാവിയോ മരിച്ചു 1954 ജൂണ്‍ 12-ന് പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പ ഈ 15കാരനെ വിശുദ്ധന്‍ എന്ന് പ്രഖ്യാപനം ചെയ്തു


Leave a Reply

Your email address will not be published. Required fields are marked *