മേയ് 7: വിശുദ്ധ ഫ്‌ളാവിയാ ഡൊമിട്ടില്ലാ
വിശുദ്ധ ഫ്‌ളാവിയൂസു ക്‌ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്‌ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിട്ടില്ലായുടേയും അവളുടെ ഭൃത്യരായ നെറെയൂസ്സിന്റെയും അക്കില്ലസ്സിന്റേയും ശിരസ്സുകള്‍ ഒരുമിച്ച് ഛേദിക്കപ്പെട്ടു.
വേറൊരു ചരിത്രവുംകൂടി പ്രചാരത്തിലുണ്ട്. രാജകുമാരി ഡൊമിട്ടില്ലാ ക്രിസ്ത്യാനിയാകുകയും ഒരു വിജാതീയനെ വിവാഹം കഴിക്കാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ അവളെ നാടുകടത്തി. ടെറസീനായില്‍ വച്ച് ഫ്‌ളാവിയായുടെ വളര്‍ത്തുസഹോദരിമാരായ എവുപ്രോസീനായും തെയോഡോറയുമൊരുമിച്ച് അവള്‍ രക്തസാക്ഷിത്വ മകുടം ചൂടി. ഈ സംഭവം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റണ്ടിന്റെ ആരംഭത്തിലോ ആണെന്ന് പറയപ്പെടുന്നു.
ഒന്നാം ശതാബ്ദത്തില്‍ റോമന്‍ രാജകുടുംബത്തിലെ ഒരു കന്യകയില്‍ ഇത്രയും ധീരത പ്രകടമായത് നമ്മളെ വിസ്മയിപ്പിക്കേണ്ടതല്ലേ? ബന്ധുജനങ്ങള്‍ ക്രിസ്തുമത മര്‍ദ്ദകരായിരിക്കേ, ഈ രാജകുമാരി രാജകീയ പദവിയും സ്ഥാനവും ക്രിസ്തുവിനെപ്രതി പരിത്യജിച്ചതു നമുക്ക് പ്രചോദനമായിരിക്കട്ടെ.