മെയ് 29: വിശുദ്ധ മാക്‌സിമിനൂസ്
തിരുസഭയുടെ ഒരു മഹാവിപത്തില്‍ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്‌സിമിനുസ്. ഇദ്ദേഹം പോയിറ്റിയേഴ്‌സില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. ട്രിയേഴ്‌സിലെ ബിഷപ് വിശുദ്ധ അഗ്രീഷിയസിന്റെ ജീവിതവിശുദ്ധി മാക്‌സിമിനൂസിനെ ആ നഗരത്തിലേക്കാനയിച്ചു. അവിടെ ഒരു വൈദികനുവേണ്ട ശിക്ഷണം ലഭിച്ചതിനുശേഷം പൗരോഹിത്യം സ്വീകരിക്കുകയും അഗ്രീഷിയസ് കാലംചെയ്തപ്പോള്‍ 332-ല്‍ ട്രിയേഴ്സിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
336-ല്‍ വിശുദ്ധ അത്തനേഷ്യസ് നാടുകടത്തപ്പെട്ടപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചതു ബിഷപ് മാക്‌സിമിനൂസാണ്. രണ്ടുകൊല്ലം മാര്‍ അത്തനേഷ്യസ് വിമാക്സിമിനുസിന്റെ
കൂടെ സര്‍വവിധ ബഹുമതികളോടുകൂടെത്തന്നെ താമസിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ബിഷപ് പോള്‍ നാടുകടത്തപ്പെട്ടപ്പോഴും ബിഷപ് മാക്‌സിമിനുസുതന്നെയാണ് അദ്ദേഹത്തിനും അഭയം നല്കിയത്. ആര്യന്‍ പാഷണ്ഡികളുടെ കെണിയില്‍പെടാതെ സൂക്ഷിക്കാന്‍ കോണ്‍സ്റ്റന്‍സു ചക്രവര്‍ത്തിയെ അദ്ദേഹം ഉപദേശിച്ചു.
347-ലെ സാര്‍ഡിക്കാ സൂനഹദോസില്‍ ആര്യന്‍ പാഷണ്ഡതയെ ബിഷപ് മാക്‌സിമിനുസ് വീറോടെ എതിര്‍ത്തു. തന്നിമിത്തം ആര്യരുടെ ദൃഷ്ടിയില്‍ മാര്‍ അത്തനേഷ്യസുപോലെ ഒരു നോട്ടപ്പുളളിയായിത്തീര്‍ന്നു. 349-ല്‍ മാക്‌സ്സിമിനുസ് ദിവംഗതനായി.