സ്നേഹാഗ്നിയാല്‍ ജ്വലിക്കും തിരുഹൃദയം
തിരുഹൃദയം. സ്നേഹാഗ്നിയില്‍ ജ്വലിക്കുന്ന, പാപികള്‍ക്കായി വിങ്ങുന്ന, കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട യേശുവിന്റെ ദിവ്യഹൃദയം. ആകുലത നിറഞ്ഞ എത്രയെത്ര മനസുകള്‍ ആ നിണച്ചാലുകളില്‍ മുഖമര്‍പ്പിച്ച് ആശ്വാസം കൊണ്ടിരിക്കുന്നു. താങ്ങാനാകാത്ത ദുഃഖഭാരവുമായി ആ സ്നേഹമിടിപ്പുകളില്‍ തലചായ്ച്ച് ആത്മസന്തോഷം കൈവരിച്ചിരിക്കുന്നു. മനസ്സ് തകര്‍ന്നവര്‍ക്ക് അത്താണി, അലഞ്ഞു തളര്‍ന്നവര്‍ക്ക് ആലംബം, ദുരിതം പേറുന്നവര്‍ക്ക് സ്നേഹത്തണല്‍ ഇതൊക്കെയാണ് തിരുഹൃദയം.
ഈശോയുടെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണ് ജൂണ്‍. മുമ്പ് ക്രൈസ്തവ ഭവനങ്ങളില്‍ വണക്കമാസങ്ങള്‍ക്ക് വളരെയേറെ പ്രധാന്യം ഉണ്ടായിരുന്നു. എന്നാല്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ ഇതിന്റെയൊക്കെ പ്രാധാന്യം പലരും ഇന്ന് മറക്കുന്നു.
തിരുഹൃദയ ഭക്തി
ഈശോയുടെ പരിശുദ്ധ ഹൃദയം മനുഷ്യരോടുള്ള അവിടുത്തെ ദൈവസ്നേഹത്തിന്റെ ഉറവിടമായി കണ്ടു വണങ്ങുന്നതാണ് തിരുഹൃദയ ഭക്തി. തിരുഹൃദയം ത്രിത്വവുമായി ഐക്യപ്പെടുന്നു. ദൈവസ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. ദൈവത്തിന് മനുഷ്യകുലത്തോടും പ്രപഞ്ചത്തോടുമുള്ള സ്നേഹത്തെയും തിരുഹൃദയം പ്രതിനിധാനം ചെയ്യുന്നു.
ഈശോയുടെ പരിശുദ്ധ ഹൃദയത്തെ കുറിച്ച് പരാമര്‍ശിക്കുന്നത് മത്തായി ശ്ലീഹായും, യോഹന്നാന് ശ്ലീഹായുമാണ്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്ന് പഠിക്കുകയും ചെയ്യുവിന്‍’ (മത്തായി 11-28:29) എന്നും ‘എന്നാല്‍ പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു’ (യോഹന്നാല്‍ 19-34) എന്നും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യസ്നേഹത്താല്‍ പിളര്‍ക്കപ്പെടുകയും അവസാന തുള്ളി രക്തം വരെ ചിന്തുകയും ചെയ്തതാണ് ഈശോയുടെ തിരുഹൃദയം. സഭാ പിതാവായ ഇരണേവൂസ് പറയുന്നു. മിശിഹായുടെ ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ജീവ ജലത്തിന്റെ ഉറവയാണ് സഭ.
വിശുദ്ധ മാര്‍ഗരറ്റ് മേരിയും തിരുഹൃദയ ഭക്തിയും
പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വിസിറ്റേഷന്‍ സന്യാസിനിയായ മാര്‍ഗരറ്റ് മേരി അലക്കോക്കിനുണ്ടായ ദര്‍ശനത്തില്‍ കര്‍ത്താവ് ഇങ്ങനെ വെളിപ്പെടുത്തി. ‘ഇതാ സ്നേഹത്താല്‍ എന്റെ ദൈവിക ഹൃദയം കത്തിയെരിയപ്പെടുന്നു. അതിന്റെ സ്നേഹനാളങ്ങള്‍ മറച്ചുവെക്കാനാവില്ല. അത് നിന്നിലൂടെ മനുഷ്യനിലേക്ക് വ്യാപിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ വര്‍ഷിക്കുന്ന ഈ അമൂല്യനിധിയാല് മനുഷ്യര്‍ നിറയുന്നതിനും വിശുദ്ധീകരിക്കപ്പെടുന്നതിനും നാശഗര്‍ത്തത്തില്‍ നിന്നും പിന്തിരിഞ്ഞ് രക്ഷ നേടുന്നതിനും ഞാന്‍ ആഗ്രഹിക്കുന്നു.’ മറ്റൊരു വെളിപ്പെടുത്തലില്‍ പറയുന്നു: ‘മനുഷ്യകുലത്തോടുള്ള സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്ന എന്റെ ഹൃദയമിതാ…കൃതജ്ഞതയ്ക്ക് പകരമായി അപമാനവും നിന്ദനവുമാണ് മനുഷ്യന് എനിക്കു നല്‍കുന്നത്.’
തിരുഹൃദയ ഭക്തി 19-ാം നൂറ്റാണ്ടില്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുഹൃദയ ഭക്തി പ്രചരണത്തിനു കാരണമായത് തിരുഹൃദയത്തിന്റെ വാഴ്ത്തപ്പെട്ട മേരി (1863-1899) എന്ന കന്യാസ്ത്രീയാണ്. ജര്‍മ്മനിയിലെ നല്ലിടയന്റെ ഉപവിയുടെ മാതാവിന്റെ സന്യാസ സഭയില്‍ അംഗമായിരുന്ന ഇവര്‍ക്ക് കര്‍ത്താവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചതു പ്രകാരം ലോകം മുഴുവനായും കര്‍ത്താവിനെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പയായിരുന്ന ലെയോ പതിമൂന്നാമന്‍ രണ്ട് എഴുത്തുകള്‍ അയക്കുകയുണ്ടായി. അപ്രകാരം ലോകം മുഴുവനായും തിരുഹൃദയം പ്രതിഷ്ഠിക്കുന്നതുവഴി തിരുഹൃദയ സ്നേഹത്താല്‍ മനുഷ്യഹൃദയം ജ്വലിക്കപ്പെടുമെന്നും മന്ദതയുള്ള ആത്മാക്കള്‍ തീക്ഷണതയുള്ളവരാകണമെന്നും അനേകര്‍ രക്ഷിക്കപ്പെടണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നതായി അവര്‍ സൂചിപ്പിച്ചു. അപ്രകാരം 1899 മേയ് 25 ന് ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ ‘അന്നും സാക്ര്യം’ (വിശുദ്ധവര്‍ഷം) എന്ന ചാക്രിക ലേഖനം വഴി മനുഷ്യകുലം മുഴുവനെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നതാണെന്ന് പ്രഖ്യാപിച്ചു. പ്രസ്തുത സമര്‍പ്പണം നടന്നത് 1899 ജൂണ്‍ 11 നായിരുന്നു. ഇതോടനുബന്ധിച്ച് ആദ്യവെള്ളിയാഴ്ച വണക്കം, ജൂണ്‍മാസത്തെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കല്‍, തിരുഹൃദയ പ്രതിഷ്ഠാ പ്രാര്‍ത്ഥന എന്നിവ പ്രാത്സാഹിപ്പിക്കണമെന്നും പാപ്പ നിര്‍ദേശിച്ചു. പാപ്പയുടെ മാതൃകയും നിര്‍ദേശങ്ങളും പിഞ്ചെന്ന് മലയാളക്കരയിലും തിരുഹൃദയ പ്രതിഷ്ഠകളും ഭക്താഭ്യാസങ്ങളും പ്രചരിച്ചു.
തിരുഹൃദയ വാഗ്ദാനങ്ങള്‍
എന്റെ ദിവ്യഹൃദയത്തോട് ഭക്തിയുള്ളവര്‍ക്ക് അവരുടെ ജീവിതാവസ്ഥയ്ക്ക് ആവശ്യമായ എല്ലാ വരപ്രസാദങ്ങളും ഞാന്‍ നല്‍കും.
അവരുടെ ഭവനങ്ങളില്‍ ഞാന്‍ സമാധാനം സ്ഥാപിക്കും.
അവരുടെ ദുഃഖങ്ങളില്‍ അവരെ ഞാന്‍ ആശ്വസിപ്പിക്കും.
അവരുടെ ജീവിതത്തിലും വിശിഷ്യാ, മരണ സമയത്തും ഞാന്‍ അവര്‍ക്ക് അഭയമായിരിക്കും.
അവരുടെ എല്ലാ ഉദ്യമങ്ങളെയും ഞാന്‍ ധാരാളമായി അനുഗ്രഹിക്കും.
പാപികള്‍ എന്റെ ഹൃദയത്തില്‍ അനന്തമായ കൃപാസമുദ്രം കണ്ടെത്തും.
ഭക്തിയില്‍ മാന്ദ്യമുള്ളവരെ ഞാന്‍ തീക്ഷ്ണതയുള്ളവരാക്കും.
തീക്ഷ്ണതയുള്ളവര്‍ അതിവേഗം പുണ്യത്തില്‍ അഭിവൃദ്ധിപ്രാപിക്കും.
എന്റെ ദിവ്യഹൃദയത്തിന്റെ ചിത്രം പരസ്യമായി സ്ഥാപിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനെ ഞാന്‍ ആശീര്‍വദിക്കും.
ഏറ്റം കഠിനഹൃദയങ്ങളെ പോലും ഇളക്കുന്നതിനുള്ള അനുഗ്രഹം ഞാന്‍ വൈദികര്‍ക്കു നല്‍കും.
ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ ഒരിക്കലും മായിക്കപ്പെടാത്തവിധം എന്റെ ഹൃദയത്തില്‍ ഞാന്‍ മുദ്രണം ചെയ്യും.
മുടങ്ങാതെ ഒന്‍പത് ആദ്യവെള്ളിയാഴ്ച്ചകളില്‍ ദിവ്യകാരണ്യം സ്വീകരിക്കുന്ന ഭക്തര്‍ക്ക് എന്റെ സ്നേഹവും, മരണാവസരത്തില്‍ അനുതപിക്കുന്നതിനുള്ള അനുഗ്രഹവും ഞാന്‍ നല്‍കും.
ഭക്തകൃത്യങ്ങള്
മിശിഹായുടെ സ്നേഹിതരാകാന്‍ അവിടുന്ന് ആവശ്യപ്പെടുന്ന ഭക്തകൃത്യങ്ങളെ പറ്റി വിശുദ്ധ മാര്‍ഗരറ്റ് പറയുന്നു.
കൂടെ കൂടെയുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം പ്രത്യേകിച്ച് ആദ്യവെള്ളിയാഴ്ചകളില്‍ കുര്‍ബാന കൈക്കൊള്ളുന്നത്.
കുര്‍ബാനയുടെ തിരുമണിക്കൂര്‍ ആരാധന.
തിരുഹൃദയ ഭക്തി പ്രചരിപ്പിക്കല്‍.
തിരുഹൃദയ പ്രതിഷ്ഠ.
തങ്ങളുടെയും ലോകം മുഴുവന്റെയും പരിഹരത്തിനായി പ്രാര്‍ത്ഥനകളും പരിഹാര പ്രവര്‍ത്തികളും കാഴ്ചവയ്ക്കല്.
(തയ്യാറാക്കിയത്: ഫാ. ജിബിന്‍ വാമറ്റത്തില്‍)