ജൂണ്‍ 14: വിശുദ്ധ മെത്തോഡിയൂസ്
കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായി ജീവിതം സമാപിച്ച വിശുദ്ധ മെത്തോഡിയൂസ് സിസിലിയില്‍ സിറാക്യൂസിലാണു ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു ചെന്നപ്പോള്‍ ഒരു സന്യാസിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ‘ആ സന്യാസിയുടെ പ്രേരണയില്‍ മെത്തോഡിയൂസ് ലൗകികതാല്‍പര്യങ്ങള്‍ ഉപേക്ഷിച്ചു ചെനൊലാക്കോസ് ആശ്രമത്തില്‍ ചേര്‍ന്നു. അക്കാലത്താണു പ്രതിമകളെ ചൊല്ലിയുള്ള മതപീഡനങ്ങള്‍ നടന്നിരുന്നത്. 815-ല്‍ രണ്ടാമത്തെ മതപീഡനം ആരംഭിച്ചു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കു വിശുദ്ധ നിസെഫോറസ്സിനെ നാടുകടത്തി. പ്രതിമാധ്വംസകര്‍ക്കെതിരായ ഒരു നിലപാടാണ് മെത്തോഡിയൂസ്സു സ്വീകരിച്ചത് .
പേട്രിയാര്‍ക്കിനെ നാടുകടത്തിയ വിവരവും മററു സംങതികളും മാര്‍പ്പാപ്പായെ അറിയിക്കാന്‍ മെത്തോഡിയൂസു റോമയിലേക്കു പോയി. ലെയോ അഞ്ചാമന്റെ മരണശേഷം 821-ല്‍ മെത്തോഡിയൂസു കോണ്‍സ്‌ററാന്റിനോപ്പിളിലേക്കു മടങ്ങി. പുതിയ ചക്രവര്‍ത്തി മൈക്കിളിനു മാര്‍പ്പാപ്പായുടെ ഒരെഴുത്ത് അദ്ദേഹം കൊണ്ടുവന്നിരുന്നു. തിരുമേനി എഴുത്ത് വായിച്ച ശേഷം മെത്തോഡിയൂസ്സിനെ വിപ്ലവകാരിയായി മുദ്രകുത്തുകയും അദ്ദേഹത്തെ അടിച്ചശേഷം ജയിലില്‍ അടയ്ക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഏഴു വര്‍ഷം അദ്ദേഹം ജയിലില്‍ കിടന്നു. ജയിലില്‍ നിന്നു മോചിതനായശേഷം പുതിയ ചക്രവര്‍ത്തി തെയോഫിലസ് മെത്തോഡിയൂസ്സിനെ വിളിച്ചു ശാസിച്ചു. യേശുക്രിസ്തുവിന്റെ പ്രതിമവച്ചു വണങ്ങാന്‍ പാടില്ലെന്നുപറഞ്ഞ ചക്രവര്‍ത്തിയോടു സ്വന്തം ചിത്രങ്ങള്‍ വണക്കത്തിനായി സ്ഥാപിക്കുന്നത് എന്തിനാണെന്നു ചോദിച്ചു.
842-ല്‍ തെയോഫിലസ്സു ചക്രവര്‍ത്തിയും മരിച്ചു. രാജ്ഞി തെയോഡോറാ മെത്തോഡിയൂസ്സിന് അനുകൂലിയായിരുന്നു. പ്രതിമാധ്വംസകനായ ജോണ്‍പേട്രിയാര്‍ക്കിനെ മാറ്റി മെത്തോഡിയൂസ്സിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായി നിയമിച്ചു. നാലു കൊല്ലത്തെ ഭരണശേഷം നീരുവന്ന് അദ്ദേഹം മരിച്ചു. വിശുദ്ധ മരീനാ, വിശുദ്ധ അഗാത്താ, വിശുദ്ധ കോസ്‌മോസ്. വിശുദ്ധ ഡാമിയന്‍ മുതലായ പല വിശുദ്ധരുടേയും ജീവചരിത്രം അദ്ദേഹം എഴുതുകയുണ്ടായി.