Vatican News

ഫ്രാന്‍സിസ് പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും നരേന്ദ്ര മോദി


ഫ്രാന്‍സിസ് മാര്‍പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ ചെയറിലെത്തിയ പാപ്പയെ മോദി ആലിംഗനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ: ‘ആളുകളെ സേവിക്കാനും നമ്മുടെ ഭൂമിയെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു.’ ഇറ്റലിയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഫ്രാന്‍സിസ് പാപ്പയെ മോദി ഇന്ത്യയിലേക്കു ക്ഷണിച്ചു.

ഇതിനു മുമ്പ് 2021 ഒക്ടോബറില്‍ മോദി വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരുന്നു. കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുമായിരുന്നു അന്ന് ഇരുവരും ചര്‍ച്ച നടത്തിയത്.

ജി-7 ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെക്കുറിച്ചുള്ള സെഷനില്‍ പങ്കെടുക്കാനായാണ് ഫ്രാന്‍സിസ് പാപ്പ എത്തിയത്. കൃത്രിമബുദ്ധി വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യത്വവും മനുഷ്യന്റെ മഹത്വവും പ്രഥമസ്ഥാനത്ത് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ലോക നേതാക്കളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. സാങ്കേതിക വിദ്യകളുടെ വികാസം മനുഷ്യബന്ധങ്ങളെ അല്‍ഗോരിതങ്ങളാക്കി മാറ്റുമെന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. ‘തങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സ്വയം തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യരുടെ കഴിവ് യന്ത്രങ്ങള്‍ ഏറ്റെടുക്കുന്നത് അപലപനീയമാണ്.” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *