ജൂണ്‍ 19: വിശുദ്ധ റൊമുവാള്‍ഡ്
റവെന്നാക്കാരനായ സെര്‍ജിയസു പ്രഭു ഒരു വസ്തുതര്‍ക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാര്‍ച്ചക്കാരനോടു ദ്വന്ദ്വ യുദ്ധം ചെയ്ത് അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാ പാതകം കണ്ട് അദ്ദേഹത്തിന്റെ മകന് റൊമുവാള്ഡു ക്ളാസ്സെയിലുള്ള ഒരു ബെനഡിക്ടന്‍ ആശ്രമത്തില്‍ പോയി 40 ദിവസം തപസ്സുചെയ്തു. അവസാനം അവിടെത്തന്നെ ചേര്‍ന്നു. അദ്ദേഹത്തിന്റെ മാതൃകാജീവിതം ഇതര സന്യാസികള്‍ക്ക് ഒരു ശാസനം പോലെ തോന്നിയതിനാല്‍ അദ്ദേഹത്തിന്റെ കഥകഴിച്ചാലെന്തായെന്നു ചിലര്‍ വിചാരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. തന്നിമിത്തം ക്ളാസ്സ ആശ്രമത്തില്‍ ഏഴു വര്‍ഷമേ താമസിച്ചുള്ളൂ. കൂട്ടുകാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ വേണ്ടി ആബട്ടിന്റെ അനുവാദത്തോടുകൂടെ വെനിസ്സില്‍ പോയി മരിനൂസ് എന്ന ഒരുത്തമ സന്യാസിയോടുകൂടെ അദ്ദേഹം തപോജീവിതം നയിക്കാന്‍ തുടങ്ങി.
വെനിസ്സില്‍ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ നാട്ടിലെ ഒരു പ്രഭു പീററര് ഉര്‍സോലുസ് റൊമുവാള്‍ഡിന്റെ ജീവിതചര്യ സ്വീകരിച്ചു. പിശാചു പല പരീക്ഷകളും ഉളവാക്കി. എല്ലാം അതിജീവിച്ചു റൊമുവാള്‍ഡ് മുന്നേറി ഒരു രാജാവായിരുന്ന റെനേരിയൂസു പറയുകയാണ് യാതൊരു മര്‍ത്യനേയും റൊമുവാള്‍ഡിനെപ്പോലെ ഭയപ്പെടുന്നില്ലെന്ന്. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വസിച്ചിരുന്ന പരിശുദ്ധാത്മാവ് ഉദ്ധതരായ പാപികളെപ്പോലും ഭയപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ ആശ്രമങ്ങളില്‍ എത്രയും പ്രധാനമായത് ടസ്കനിയിലെ കമല്ഡോളി ആശ്രമമാണ് . 1009-ല്‍ സ്ഥാപിച്ച ആ ആശ്രമം കമല്‍ഡോലി സഭയുടെ ആസ്ഥാനമായി. ഓരോ സന്യാസിക്കും വേറെവേറെ പര്ണ്ണശാലകളുണ്ടായിരുന്നു. അവയില്‍ ഓരോരുത്തര്‍ക്കും ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നു. അവയെ വലയം ചെയ്യുന്ന മതിലിനുപുറമേ ആര്‍ക്കും പോകാന്‍ പാടില്ലെന്നായിരുന്നു നിയമം . പന്ത്രണ്ടുകൊല്ലത്തോളം നിശിതമായ ആ ഏകാന്തതയില്‍ ജീവിച്ചു 70-ാമത്തെ വയസ്സില്‍ അദ്ദേഹം വിശുദ്ധിയില്‍ നിര്യാതനായി.