ജൂലൈ 2: വിശുദ്ധ പ്രോച്ചെസ്സുസും മാര്‍ത്തീനിയാനും രക്തസാക്ഷികള്‍
ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുമ്പുതന്നെ റോമന്‍ ക്രിസ്ത്യാനികള്‍ അത്യന്തം ആദരിച്ചുവന്നിരുന്നെങ്കിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മാമെര്‍ട്ടിന്‍ ജയിലില്‍ വേറെ 40 പേരോടുകൂടെ ഇവരും ഉണ്ടായിരുന്നുവെന്നും അവരോടുകൂടെ ജയിലിലുണ്ടായിരുന്ന പത്രോസ്, പൗലോസ് ശ്‌ളീഹന്മാര്‍ അവരെ മാനസാന്തരപ്പെടുത്തിയെന്നും ഒരു ഐതിഹ്യമുണ്ട്. പാറയില്‍നിന്ന് അത്ഭുതകരമായി ഒഴുകിയ ജലം കൊണ്ടത്രേ അവരെ ജ്ഞാനസ്‌നാനപ്പെടുത്തിയത്.
അവരുടെ ജയിലര്‍ പൗളിന്യൂസ് അവരോട് ക്രിസ്തു മതം ഉപേക്ഷിച്ചു ജൂപ്പിറ്റര്‍ ദേവനെ ആരാധിക്കുവാന്‍ ഉപദേശിച്ചു. ക്രൂരമായി മര്‍ദ്ദിച്ചുനോക്കി. ‘കര്‍ത്താവിന്റെ നാമം വാഴ്ത്ത പ്പെട്ടതാകട്ടെ’ എന്നു മര്‍ദ്ദനവേളയില്‍ തുടര്‍ച്ചയായി ഉരുവിട്ടു കൊണ്ടിരുന്നു. തീരെ വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ വാളു കൊണ്ട് അവരുടെ കഥ അവസാനിപ്പിച്ചു.
ലൂസിനാ എന്ന ഒരു സ്ത്രീ അവരുടെ ശരീരം തന്റെ പറമ്പില്‍ സംസ്‌കരിച്ചു. നാലാം ശതാബ്ദത്തില്‍ അവരുടെ കുഴിമാടത്തില്‍ ഒരു ബസിലിക്ക നിര്‍മ്മിക്കപ്പെട്ടു. മഹാനായ ഗ്രിഗറി തദവസരത്തില്‍ അവരെപ്പറ്റി ഒരു പ്രഭാഷണം നടത്തി. 9-ാം ശതാബ്ദത്തില്‍ അവരുടെ അവശിഷ്ടങ്ങള്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്കു മാറ്റി.