ജൂലൈ 4: വിശുദ്ധ ഉള്‍റിക്ക് മെത്രാന്‍
ഹുക്ബാള്‍ഡ് എന്ന ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ മകനാണ് ഉള്‍റിക്ക് അഥവാ ഉള്‍ഡാറിക്ക്. ബാല്യത്തില്‍ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീര്‍ഘായുഷ്മാനാക്കി. വിശുദ്ധ ഗാലിന്റെ ആശ്രമത്തിലും ഓസ്‌ബെര്‍ഗ് മെത്രാന്റെ സംരക്ഷണത്തിലും വിദ്യാഭ്യാസം നടത്തി. യഥാസമയം വൈദികനായി. 924-ല്‍ ഓസ്‌ബെര്‍ഗ്ഗിലെ മെത്രാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മെത്രാനായശേഷം ജനങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല, ലൗകികാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിലും ഉത്സുകനായിരുന്നു. രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് കത്തീഡ്രലിലെ കാനോനനമസ്‌കാരത്തില്‍ പങ്കെടുത്തു പോന്നു. അതിനുശേഷം സ്വന്തമായ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു. രാവിലെ മരിച്ചവര്‍ക്കുവേണ്ടി ഒപ്പീസു ചൊല്ലിയശേഷം പാട്ടുപൂജയ്ക്കു സന്നദ്ധനാകുന്നു. എല്ലാ പ്രാര്‍ത്ഥനകളും കഴിഞ്ഞാണ് പള്ളിയില്‍നിന്നു പോരുക. അവിടെനിന്ന് ആശുപത്രിയില്‍ പോയി രോഗികളെ ആശ്വസിപ്പിക്കുന്നു. ദിനം പ്രതി പന്ത്രണ്ടുപേരുടെ പാദങ്ങള്‍ കഴുകി സമുദ്ധമായ ധര്‍മ്മം നല് കിയിരുന്നു. സന്ധ്യാസമയത്തിനു മുമ്പാണു തുച്ഛമായ ഭക്ഷണം കഴിച്ചിരുന്നത്. താന്‍ ഉപവസിക്കുമ്പോള്‍ അപരിചിതര്‍ക്കു മാംസം നല്‍കിയിരുന്നു. വയ്‌ക്കോലിലാണു കിടന്ന് ഉറങ്ങിയിരുന്നത്. ഈ പ്രാര്‍ത്ഥനകളുടേയും പ്രായശ്ചിത്തങ്ങളുടേയും ഇടയ്ക്ക് രൂപതാ ജോലികളൊന്നും മുടക്കിയിരുന്നില്ല. ഓരോ വര്‍ഷവും രൂപത മുഴുവന്‍ സന്ദര്‍ശിച്ചിരുന്നു.
വിശുദ്ധ അമ്പാസിന്റെ കത്തീഡ്രല്‍ അദ്ദേഹം യഥാവിധി പുനര്‍നിര്‍മ്മിച്ചു അതിനുശേഷം മെത്രാന്‍ സ്ഥാനം രാജി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍പാപ്പാ സമ്മതിച്ചില്ല. അങ്ങനെ അമ്പതുകൊല്ലം രൂപതാഭരണം നടത്തി. എണ്‍പതാമത്തെ വയസ്സില്‍ 973 ജൂലൈ 1-ന് അദ്ദേഹം കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.