ജൂലൈ 16: കര്‍മ്മല മാതാവ്
എല്ലാ രൂപതകളിലും ആഘോഷിക്കുന്ന ദൈവമാതാവിന്റെ ഒരു തിരുനാളാണിത്. കര്‍മ്മലീത്താ സഭ പലസ്തീനയിലെ കര്‍മ്മലമലയില്‍ ആരംഭിച്ചു. കുരിശുയുദ്ധ കാലത്ത് യൂറോപ്പില്‍ പരന്നു. യൂറോപ്പില്‍ ഈ സഭയ്ക്ക് അല്പം എതിര്‍പ്പു നേരിടേണ്ടിവന്നു. ഇംഗ്ലണ്ടിലെ അയില്‍സു ഫോര്‍ഡ് ആശ്രമത്തില്‍ നിവസിച്ചിരുന്ന വിശുദ്ധ സൈമണ്‍ സ്‌റ്റോക്കായിരുന്നു അന്നത്തെ സുപ്പീരിയര്‍ ജനറല്‍. അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ‘കര്‍മ്മലിലെ സുന്ദര കുസുമമേ, ഫലസമ്പൂര്‍ണ്ണമായ മുന്തിരി, സ്വര്‍ഗ്ഗത്തിന്റെ അന്യാദൃശവും നിര്‍മ്മലവുമായ തേജസ്സേ, നിത്യനിര്‍മ്മല കന്യകയായിരുന്നു ദൈവപുതനെ പ്രസവിച്ചവളേ, ഇന്നത്തെ ആവശ്യങ്ങളില്‍ എന്നെ സഹായിക്കണമേ, സമുദ്രതാരമേ, എന്നെ സഹായിക്കണമേ, രക്ഷിക്കണമേ. അങ്ങു എന്റെ അമ്മയാണെന്ന് കാണിച്ചു തരണമേ.’
1251 ജൂലൈ 16-ന് അര്‍ദ്ധരാത്രി സൈമണ്‍ സ്‌റ്റോക്കു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വാനവഗണങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മല മാതാവ് പ്രത്യക്ഷപ്പെട്ടു കര്‍മ്മലോത്തരീയം നല്കിക്കൊണ്ടു പറഞ്ഞു: ‘എന്റ സാഹോദര്യത്തിന്റെ അടയാളവും രക്ഷയുടെ അച്ചാരവുമായ ഈ കര്‍മ്മലോത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ നശിക്കുകയില്ല.’
ഈ സംഭവം കാട്ടുതീപോലെ യൂറോപ്പുമുഴുവനും പ്രചരിച്ചു; ക്രമേണ ലോകമാസകലമുള്ള എല്ലാ ദൈവമാതൃഭക്തരും കര്‍മ്മലോത്തരീയം ധരിക്കാന്‍ തുടങ്ങി.
1322-ല്‍ സ്വര്‍ഗ്ഗരാജ്ഞി 22-ാം യോഹന്നാന്‍ മാര്‍പ്പാപ്പായ്ക്ക് കാണപ്പെട്ട് ഉത്തരീയം ധരിച്ച് മരിക്കുന്നവര്‍ക്ക് വേറൊരു വാഗ്ദാനവും കൂടെ ചെയ്തു: ‘കൃപാവരങ്ങളുടെ രാജ്ഞി യായ ഞാന്‍ ശനിയാഴ്ചതോറും ശുദ്ധീകരണ സ്ഥലത്ത് ഇറങ്ങിച്ചെന്ന് ഉത്തരീയം ധരിച്ച് മരിച്ചിട്ടുള്ളവരില്‍ ചില വ്യവസ്ഥകള്‍ പാലിച്ചിട്ടുള്ളവരെയെല്ലാം മോചിക്കും.’