Daily Saints

ജൂലൈ 22: വിശുദ്ധ മേരി മഗ്ദലന


നമ്മുടെ കര്‍ത്താവിന്റെ പിഢാനുഭവത്തിലും പുനരുത്ഥാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലനയും ഏഴു പിശാചുക്കള്‍ പുറത്താക്കപ്പെട്ട മേരിയും ബെഥനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്തു ഈശോയുടെ പാദത്തില്‍ വീണ അജ്ഞാതനായ പാപിനിയും ഒന്നാണെന്നും രണ്ടാണെന്നും മൂന്നാണെന്നുമൊക്കെ അഭിപ്രായമുണ്ട്. ശിമയോന്റെ വിരുന്നിന്റെ നേരത്ത് കര്‍ത്താവിന്റെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനി മേരി മഗ്ദലന അല്ലെന്നാണ് ആധുനികര്‍ പലരും പറയുന്നത്.

ഏഴു പിശാചുക്കളുടെ ആസ്ഥാനമായ മേരിയും മേരി മഗ്ദലനയും ലാസറിന്റെ പെങ്ങള്‍ മേരിയും ഒന്നാണെന്ന് അനേകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏഴു പിശാചുക്കള്‍ ആവസിച്ചിരുന്ന മേരി പാപിനിയായിരുന്നിരിക്കണമെന്നു സങ്കല്പിക്കുകയാണെങ്കില്‍ ശിമയോന്റെ ഭവനത്തില്‍ കര്‍ത്താവിന്റെ പാദത്തിങ്കല്‍ വീണ പാപിനി ആ പിശാചഗ്രസ്തയാകാം. അതിനാല്‍ ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ചു മേരിമഗ്ദലനയെ കാണാവുന്നതാണ്.

ഗാഗുല്‍ത്തായില്‍ മേരിമഗ്ദലന കുരിശിനരികെ നിന്നതും മൃതശരീരത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയതും ഉത്ഥിതനായ ഈശോ മേരി മഗ്ദലനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനിഷേധ്യ വസ്തുതകളാണ്. തന്നിമിത്തം ഈശോയെ അത്യധികം സ്‌നേഹിച്ച ഒരാളാണ് മേരി മഗ്ദലന. അതു ഈശോയുടെ പാദങ്ങള്‍ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള പ്രാചീന ചിന്താഗതി സ്വീകരിച്ചു ധ്യാനിക്കുന്നവര്‍ക്ക് ഈ വിശുദ്ധയുടെ ജീവിതം എത്രയും ആശ്വാസദായകമായ ചിന്താവിഷയമാണ്.

മേരി മഗ്ദലന എഫേസൂസില്‍ മരിച്ചുവെന്ന് ഒരഭിപ്രായമുണ്ട്. ഫ്രാന്‍സില്‍ പ്രോവെന്‍സ് എന്ന ഡിസ്ട്രിക്ടില്‍ ലാസറും സഹോദരിയുമൊപ്പം ജീവിച്ചു മരിച്ചുവെന്നും പറയു ന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *