ജൂലൈ 23: സ്വീഡനിലെ വിശുദ്ധ ബ്രിഡ്‌ജെറ്റ്
1304-ല്‍ സ്വീഡിഷ് രാജകുടുംബത്തില്‍ ബ്രിഡ്‌ജെറ്റ് ജനിച്ചു. കുട്ടി ജനിച്ച ഉടനെ ഭക്തയായ അമ്മ, ഗോത്ത് രാജ് വംശത്തില്‍പ്പെട്ട ഇങ്കെഞ്ചുര്‍ഗിസു മരിച്ചുപോയി. ഭക്തയായ ഒരമ്മായിയാണ് ബ്രിഡ്ജെറ്റിനെ വളര്‍ത്തിക്കൊണ്ടുവന്നത്. മൂന്നു വയസ്സായപ്പോഴേ ബ്രിഡ്ജെറ്റിനു സംസാരശക്തി ഉണ്ടായുള്ളു. ആദ്യം ഉച്ചരിച്ച വാക്കുകള്‍ ദൈവസ്തുതികളാണ്. ബാലസഹജമായ വാശിയോ കോപമോ അനുസരണക്കുറവോ ഒന്നും ബ്രിഡ്ജെറ്റില്‍ കണ്ടിട്ടില്ല.
പത്താമത്തെ വയസ്സില്‍ പീഡാനുഭവത്തെപ്പറ്റി ഒരു പ്രഭാഷണം അവള്‍ ശ്രവിക്കുകയും അതേ രാത്രി ക്രൂശിതനായ ഈശോയുടെ ഒരു കാഴ്ച അവള്‍ക്കുണ്ടാകുകയും ചെയ്തു. ഒരു സ്വരം അവള്‍ കേട്ടു: ‘എന്റെ മകളേ, എന്നെ നോക്കു.’ ശോകാര്‍ത്തയായി അവള്‍ ചോദിച്ചു: ‘ആരാണ് അങ്ങയോട് ഇങ്ങനെ ചെയ്തത്?’ ‘എന്നെ നിന്ദിക്കുന്നവരും എന്റെ സ്‌നേഹം ഗ്രഹിക്കാത്തവരും’ എന്നു കേട്ടതുപോലെ അവള്‍ക്കു തോന്നി. ഈ ദര്‍ശനം എന്നും രാജകുമാരിയുടെ ധ്യാനവിഷയമായി.
പിതാവിന്റെ നിര്‍ദ്ദേശാനുസാരം 16-ാമത്തെ വയസ്സില്‍ ബ്രിഡ്‌ജെറ്റ് സ്വീഡനിലെ ഉള്‍ഫോ രാജകുമാരനെ വിവാഹം ചെയ്തു. എട്ടു മക്കളുണ്ടായശേഷം പൂര്‍ണ്ണ വിരക്തി പാലിക്കുമെന്ന് ഇരുവരും പ്രതിജ്ഞചെയ്തു. അവര്‍ ദരിദ്രര്‍ക്കായി ഒരാശുപത്രി പണിയിച്ചു. അങ്ങനെയിരിക്കേ, ഈ ദമ്പതികള്‍ കമ്പോസ്‌റ്റെല്ലാ എന്ന പ്രദേശത്തേക്ക് ഒരു തീര്‍ത്ഥയാത്ര ചെയ്തു. മടക്കയാത്രയില്‍ രോഗിയായിത്തീര്‍ന്ന ഭര്‍ത്താവിനെ ബ്രിഡ്‌ജെറ്റ് അത്യന്തം സ്‌നേഹത്തോടെ ശുശ്രൂഷിച്ചു. സുഖമായി മടങ്ങിയെത്തിയെങ്കിലും 1344 ല്‍ ഉള്‍ഫോ ഒരു സിസ്‌റ്റേഴ്‌സ്യന്‍ ആശ്രമത്തില്‍ കിടന്നു മരിച്ചു. അദ്ദേഹം ആ സഭയില്‍ ചേരാന്‍ ഒരുങ്ങുകയായിരുന്നുവെന്നു പറയുന്നു.
ഭര്‍ത്താവിന്റെ മരണശേഷം കുടുംബസ്വത്തു മക്കള്‍ക്ക് ഭാഗിച്ചുകൊടുത്ത് ബ്രിഡ്‌ജെറ്റ് ഒരു വെള്ളവസ്ത്രം മാത്രം ധരിച്ചുകൊണ്ടിരുന്നു. ഭക്ഷണം അപ്പവും വെള്ളവും മാത്രമായി. വെള്ളിയാഴ്ച ദിവസങ്ങളില്‍ പ്രായശ്ചിത്തം അത്യധികം വര്‍ ദധിപ്പിച്ചു. പുതിയ മഠങ്ങള്‍ പലതു സ്ഥാപിച്ചു. ജീവിത ത്തിലെ അവസാനത്തേ മുപ്പതു വര്‍ഷവും ദിവസന്തോറും ബ്രിഡ്‌ജെററു കുമ്പസാരിച്ചിരുന്നു. കര്‍ത്താവിന്റെ പീഡാനു ഭവത്തിന്റെ പല കാഴ്ചകളും ഈ പുണ്യവതിക്കുണ്ടായിട്ടുണ്ട്. അവയെല്ലാം ജ്ഞാനപിതാക്കന്മാരുടെ വിധിക്ക് അവള്‍ സമര്‍പ്പിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്. ക്രൂശിതനോടുള്ള സ്‌നേഹം നിമിത്തം അവള്‍ പലസ്തീനയിലേക്ക് ഒരു തീര്‍ത്ഥയാത നടത്തുകയുണ്ടായി.
1350-ലെ വിശുദ്ധവത്സരത്തില്‍ തന്റെ വിധവയായ മകള്‍ വിശുദ്ധ കാതറിനോടുകൂടെ റോമയിലേക്കു പോയി ഒരു വര്‍ഷം അവിടെ താമസിച്ചു. മടങ്ങിയെത്തി മൂത്തമകള്‍ ധബിര്‍ജെറ്റിന്റെ കൂടെ താമസിച്ചുവരവേ 1373 ജൂലൈ 23-ന് എഴുപതാമത്തെ വയസ്സില്‍ ബ്രിഡ്‌ജെറ്റ് നിര്യാതയായി. അന്ത്യകൂദാശകള്‍ ചാക്കുവസ്ത്രം ധരിച്ചുകൊണ്ടാണ് സ്വീകരിച്ചത്.