ആഗസ്റ്റ് 7: വിശുദ്ധ കജെറ്റന്‍
ലൊമ്പാര്‍ഡിയില്‍ വിന്‍സെന്‍സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു കജെറ്റന്‍ ജനിച്ചു. ഭക്തയായ മാതാവു മകനെ കന്യകാംബികയുടെ സംരക്ഷണത്തില്‍ ഏല്പിച്ചു. കുട്ടി വളര്‍ന്നുവന്നപ്പോള്‍ ഈശോയുടെ എളിമയും ശാന്തതയും അനുസരണയും പാലിക്കു ന്നതില്‍ അത്യുത്സുകനായി കാണപ്പെട്ടു. ദൈവത്തിലേക്ക് ഉയരാത്ത സംഭാഷണം കജെറ്റന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ദീര്‍ഘമായ ഭക്താഭ്യാസങ്ങളും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് എത്രയും പ്രിയംകരമായിരുന്നു. 36-ാമത്തെ വയസ്സില്‍ വൈദികനായി റോമന്‍ കൂരിയയില്‍ കുറേനാള്‍ ജോലി ചെയ്തു; പിന്നീടു സ്വദേശത്തേക്കു മടങ്ങി.
42-ാമത്തെ വയസ്സില്‍ മാറാത്ത രോഗക്കാര്‍ക്ക് കജെറ്റന്‍ ഒരാശുപത്രി ആരംഭിച്ചു. വൈദിക ജീവിത നവീകരണത്തെ ഉദ്ദേശിച്ച് അദ്ദേഹം തീയറ്റിന്‍സ് എന്നറിയപ്പെടുന്ന സന്യാസസഭ ആരംഭിച്ചു. അവര്‍ സുവിശേഷം പ്രസംഗിക്കുന്നതിലും കൂദാശകള്‍ കൈകാര്യം ചെയ്യുന്നതിലും അതീവ ഔത്സുക്യം പ്രദര്‍ശിപ്പിച്ചിരുന്നു. കാല്‍വിന്റെ പാഷണ്ഡ തയ്ക്കു സിദ്ധൗഷധമായി നാല്പതു മണി ആരാധന ആദ്യം ആരംഭിച്ചതു വി. കജെററനാണ്. ദൈവമാതാവിനോടു ഫാദര്‍ കജെററനു വളരെ ഭക്തിയുണ്ടായിരുന്നു; അതിനു സമ്മാനമായി ഒരു ക്രിസ്മസ്സിന്റെ തലേദിവസം ഉണ്ണീശോയെ അദ്ദേ ഹത്തിന്റെ കരങ്ങളില്‍ ദൈവമാതാവു വച്ചുകൊടുക്കുകയു ണ്ടായി. ബൂര്‍ബന്റെ നേതൃത്വത്തില്‍ ജര്‍മ്മന്‍കാര്‍ റോം ആക്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ടാകുമെന്നു കരുതി അതു പിടിച്ചെടുക്കാന്‍ അദ്ദേഹത്തെ കഠിനമായി മര്‍ദ്ദിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സമ്പത്തൊക്കെ ദരിദ്രര്‍ക്കു പണ്ടേ കൊടുത്തുകഴിഞ്ഞിരുന്നു. 1530- വെനിസ്സില്‍ പ്‌ളേഗു പടര്‍ന്നുപിടിച്ചപ്പോള്‍ കജെറ്റന്‍ ത്യാഗപൂര്‍വ്വകമായ സേവനം ചെയ്തു. അതിനും പുറമേ വെറോണയിലും നേപ്പിള്‍സിലും തീയെറ്റയിന്‍ സഭയുടെ ശാഖാമന്ദിരങ്ങള്‍ തുറന്ന് ആ രണ്ടു പട്ടണങ്ങള്‍ക്കും അദ്ദേഹം വിശിഷ്ട സേവനം ചെയ്തിട്ടുണ്ട്. രണ്ടു സ്ഥലത്തും അദ്ദേഹം സുപ്പീരിയറായിരുന്നു.
മൃതികരമായ രോഗത്തിന് അധീനനായപ്പോള്‍ അദ്ദേഹം കടുത്ത ഒരു പലകയില്‍ തന്നെ കിടത്തണമെന്ന് ആവശ്യപ്പെട്ടു. കുരിശില്‍ മരിച്ച ദിവ്യരക്ഷകനെ അനുകരിക്കാനാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്. അവസാനം വെറും തറയില്‍ ഒരു ചാക്കു വിരിച്ച് അദ്ദേഹത്തെ കിടത്തി. അവിടെ കിടക്കുമ്പോള്‍ ദൈവമാതാവിനെ പ്രഭാപൂരിതയായി കണ്ടു. അദ്ദേഹം പ്രാര്‍ത്ഥിച്ചു:”നാഥേ, എന്നെ ആശീര്‍വ്വദിക്കണമേ.” കന്യകാംബിക പ്രതിവചിച്ചു: ‘കജെറ്റന്‍, എന്റെ മകന്റെ ആശീര്‍വ്വാദം സ്വീകരിക്കുക. നിന്റെ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കു സമ്മാനമായി നിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ ഇതാ ഞാന്‍ ഇവിടെ ഉണ്ട്. 1547 ആഗസ്‌ററ് 7-ാം തീയതി അദ്ദേഹം ദിവംഗതനായി.