ആഗസ്റ്റ് 11: വിശുദ്ധ ക്ലാര കന്യക
അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫവേരിനോ ഷിഫോയുടെ മൂന്നു പെണ്‍മക്കളാണ് ക്ലാരയും ആഗ്‌നെസ്സും ബെയാട്രിസ്സും. 1193 ലാണു ക്ലാര ജനിച്ചത്. ക്ലാരയ്ക്കും 15 വയസ്സുള്ളപ്പോള്‍ തുടങ്ങി വിവാഹാലോചനകള്‍ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാന്‍ കൊതിച്ചിരുന്ന ക്ലാര വിശുദ്ധ അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212 മാര്‍ച്ചു 18-ാം തീയതി ഓശാന ഞായറാഴ്ച ക്ലാര ഉടുത്തണിഞ്ഞ് അമ്മയോടുകൂടെ പള്ളിയില്‍ പോയി. എല്ലാവരും അള്‍ത്താരയുടെ അടുക്കല്‍ പോയി കുരുത്തോല വാങ്ങി. ക്ലാര നാണിച്ചു മുന്നോട്ടു പോയില്ല. മെത്രാനച്ചന്‍ ഇറങ്ങിച്ചെന്നു കുരുത്തോല കൊടുത്തു. അന്നു വൈകുന്നേരം വീട്ടില്‍നിന്നു ക്ലാര പോര്‍ഷിയങ്കുള ദൈവാലയത്തിലേക്ക് ഒളിച്ചുപോന്നു. ഒരു തിരി കത്തിച്ചു പിടിച്ചു പള്ളിയുടെ
വാതില്‍ക്കല്‍ നിന്നു. പരിശുദ്ധാത്മാവേ വരിക, എന്ന ഗാനം പാടി. അവള്‍ വിശേഷവസ്ത്രങ്ങള്‍ ഊരിവച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസു തലമുടി വെട്ടി മാറ്റി ഒരു ചരട് അരയില്‍ കെട്ടി. തല്‍ക്കാലം അവള്‍ ബെനഡിക്ടന്‍ മഠത്തില്‍ താമസിച്ചു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. അവളെ പിടിച്ചുവലിച്ചുകൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ തലമുടി വെട്ടിമാറ്റിയിരിക്കുന്നതു കാണിച്ചുകൊടുത്തു. അവര്‍ അതോടെ സ്ഥലംവിട്ടു. സാന്‍ദമിയാനോയുടെ അടുത്ത് ഒരു ഭവനം ക്ലാരയ്ക്കു തയ്യാറാക്കി .
രണ്ടാഴ്ച കഴിഞ്ഞു സഹോദരി ആഗ്‌നെസ്സും ക്ലാരയോടുകൂടെ ചേര്‍ന്നു. വീണ്ടും വീട്ടില്‍ വലിയ വിപ്ലവമുണ്ടായി! അവസാനം ആഗ്‌നെസ്സിനും അനുവാദം കിട്ടിയെന്നു മാത്രമല്ല അവരുടെ അമ്മ ഓര്‍ത്തൊളാനയും വേറെ കുറെ സ്ത്രീകളും മഠത്തില്‍ ചേര്‍ന്നു. ഇങ്ങനെ ക്ലാരസഭയുണ്ടായി; പല ശാഖകളും സ്ഥാപിതമായി . സ്‌റേറാക്കിങ്ങ് സും ഷൂസും ചെരിപ്പുമില്ലാതെയാണ് അന്നു ക്ലാരസഹോദരിമാര്‍ നടന്നിരുന്നത്. എന്നും മാംസവര്‍ജ്ജനം അവര്‍ പാലിച്ചുപോന്നു. ദാരിദ്ര്യവും പ്രായശ്ചിത്തവും വളരെ കണിശമായിരുന്നു. ക്ലാരപ്പുണ്യവതിയുടെ വാര്‍ദ്ധക്യത്തില്‍ ദാരിദ്ര്യവും പ്രായശ്ചിത്തവും സ്വല്പം ലാഘവപ്പെടുത്തി.
സാരസന്‍ സൈന്യം സ്‌പോളെറേറാ താഴ്‌വര ആക്രമിച്ചപ്പോള്‍ ഒരു വിഭാഗം സൈന്യം ക്ലാരമഠത്തെ ആക്രമിക്കാന്‍ തുടങ്ങി. ശത്രുവിന് അഭിമുഖമായി വിശുദ്ധ കുര്‍ബാന അരുളിയ്ക്കയില്‍ എഴുന്നള്ളിച്ചുവയ്ക്കാന്‍ ക്ലാര ആവശ്യപ്പെട്ടു. അനന്തരം അവള്‍ മുട്ടികുത്തി പ്രാര്‍ത്ഥിച്ചു: ”അങ്ങയെ ഏറ്റു പറയുന്നവരുടെ ആത്മാക്കളെ കര്‍ത്താവേ, ആ മൃഗ ങ്ങള്‍ക്കു ഏല്പിച്ചുകൊടുക്കല്ലേ.” ശത്രുക്കള്‍ക്കു പെട്ടെന്നു ഭയം തോന്നുകയും അവര്‍ ആ മഠം ആക്രമിക്കാതെ ഓടിപ്പോകയും ചെയ്തു. 28 വര്‍ഷത്തോളം രോഗിണിയായി കിടന്നിരുന്ന ക്ലാരയുടെ ഭക്ഷണം വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു. 27 വര്‍ഷം മുമ്പു ഫ്രാന്‍സിസ് അസ്സീസിയുടെ മരണനേ രത്തു വായിച്ചതുപോലെ വിശുദ്ധ യോഹന്നാന്‍ എഴുതിയ നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവചരിത്രം മൂന്നു സന്യാസി മാര്‍ വായിച്ചു. തല്‍സമയം കുമാരി ദാരിദ്ര്യത്തിന്റെ മൂര്‍ത്തീകരണം തന്നെയായ വിശുദ്ധ ഫ്രാന്‍സ്സിസിന്റെ ചെറുപുഷ്പം 59-ാമത്തെ വയസ്സില്‍ ശാന്തമായി അടര്‍ന്നുവീണു.