ആഗസ്‌ററ് 16: ഹങ്കറിയിലെ വിശുദ്ധ സ്ററീഫന്‍
ഹങ്കറിയിലെ നാലാമത്തെ പ്രഭുഗെയ്‌സാ ചില ക്രിസ്തീയ മിഷനറിമാരോടുള്ള സമ്പര്‍ക്കത്താല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായി. ഭാര്യ സര്‍ലോത്തിനു ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ അത്യന്തം ഇഷ്ടപ്പെട്ടു. രാജ്ഞി ഗര്‍ഭിണിയായപ്പോള്‍ പ്രഥമ രക്തസാക്ഷിയായ സ്‌ററീഫന്‍ സ്വപ്‌നത്തില്‍ രാജ്ഞിയെ അറിയിച്ചു കുട്ടി ആണായിരിക്കുമെന്നും അവന്റെ കാലത്തു വിഗ്രഹാരാധന ഇല്ലാതാകുമെന്നും. ശിശു 977-ല്‍ ജനിച്ചു; സ്‌ററീഫന്‍ എന്നു പേരിടുകയും ചെയ്തു. പ്രേഗിലെ മെത്രാനായിരുന്ന വിശുദ്ധ അഡെല്‍ബെര്‍ട്ടാണ് സ്‌ററീഫനെ ജ്ഞാനസ്‌നാനപ്പെടുത്തിയതും കുറേ ശിക്ഷണം നല്‍കിയതും. 997-ല്‍ ഗെയ്സാ മരിക്കുകയും സ്‌ററീഫന്‍ രാജ്യഭരണം ആരംഭിക്കുകയും ചെയ്തു.
ഭരണമേറ്റയുടനെ വിഗ്രഹാരാധന അവസാനിപ്പിക്കണമെന്നു സ്‌ററീഫന്‍ ആഗ്രഹിച്ചു. മിഷനറിമാരുടെകൂടെ രാജാവും പോയി; ചിലര്‍ രാജാവിനെതിരെ ആയുധമെടുത്തെങ്കിലും സമരത്തില്‍ രാജാവ് ജയിച്ചു. 11 രൂപതകള്‍ ഹങ്കറിയില്‍ സമാരംഭിച്ചു; അവ അംഗീകരിച്ചു റോമാസിംഹാസനത്തില്‍നിന്നു വന്ന ബൂളകള്‍ മുട്ടുകുത്തി പേപ്പല്‍ സന്ദേശവാഹകരെ സമാദരിച്ചാണ് വാങ്ങിച്ചത്.
ജര്‍മ്മനിയിലെ ഹെന്റി രാജാവിന്റെ സോദരി ജിനെലയെയാണു രാജാവ് വിവാഹം കഴിച്ചത്. രാജ്ഞി ഭര്‍ത്താവിന്റെ തത്വങ്ങളെ അത്യധികം ബഹുമാനിച്ചുപോന്നു. വ്യഭിചാരം, ദൈവദൂഷണം, കൊലപാതകം, മോഷണം മുതലായ പരസ്യ കുറ്റങ്ങള്‍ നിയമം കൊണ്ടു നിരോധിച്ചു. ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകരെ വിവാഹം ചെയ്തുകൂടെന്നു നിയമമുണ്ടാക്കി. ഒരിക്കല്‍ വേഷപ്രഛന്നനായി രാജാവു ധര്‍മ്മം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഭിക്ഷുക്കള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു. ഈ നിന്ദനവും അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ വേഷപ്രഛന്നനായി ധര്‍മ്മം കൊടുക്കാന്‍ പിന്നീട് പോയിട്ടില്ല. ഞായറാഴ്ച കുര്‍ബാന കാണാത്തതിനും മാംസവര്‍ജ്ജന നിയമം ലംഘിക്കുന്നതിനും അദ്ദേഹം ശിക്ഷ നല്‍കിയിരുന്നു.
ആരോടും യുദ്ധംചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അഭയം തേടുകയാണ് ചെയ്തിരുന്നത്. ജര്‍മ്മനി യിലെ കോണ്‍റാഡു രാജാവ് വലിയ ഒരു സൈന്യത്തോടെ യുദ്ധത്തിനു വന്നെങ്കിലും സ്‌ററീഫന്‍ രാജാവിനോടു യുദ്ധം ചെയ്യാതെ മടങ്ങുകയാണ് ചെയ്തത്. താമസിയാതെ കൂദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു 1038ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം രാജാവ് ദിവംഗതനായി.