Achievement

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ ജോഷി ബനഡിക്ട്


തെങ്ങിന്റെ കഥ പറഞ്ഞ് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പുല്ലൂരാംപാറയെന്ന കുടിയേറ്റ ഗ്രാമത്തിലേക്ക് എത്തിച്ച് നാടിന്റെ അഭിമാനതാരമായിരിക്കുകയാണ് ആക്കാട്ടുമുണ്ടയ്ക്കല്‍ ജോഷി ബെനഡിക്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡാണ് ജോഷി ബെനഡിക്ട് സംവിധാനം ചെയ്ത ‘എ കോക്കനട്ട് ട്രീ’ എന്ന ചിത്രത്തിന് ലഭിച്ചത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

ആദ്യ അനിമേഷന്‍ ചിത്രത്തിന് തന്നെ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നും, പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജമാകും എന്നും ജോഷി പറഞ്ഞു.

ഒരു കുടുംബവും തെങ്ങും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആരോ ഉപേക്ഷിച്ച തെങ്ങിന്‍ തൈ ഏറ്റെടുക്കുന്ന അമ്മ പറമ്പില്‍ അത് വച്ചുപിടിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗമായി ആ തെങ്ങ് മാറുന്നതാണ് കഥ. ചിത്രത്തിന്റെ ആശയവും ആവിഷ്‌കാരവും ഉള്‍പ്പെടെ ഭൂരിഭാഗം സാങ്കേതിക ജോലികളും ജോഷി സ്വന്തമായാണ് ചെയ്തിരിക്കുന്നത്. സംഗീത സംവിധായകന്‍ ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

2021ല്‍ പൂര്‍ത്തിയാക്കിയ സിനിമ മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ജോഷിയുടെ ആദ്യത്തെ സ്വതന്ത്ര ആനിമേഷന്‍ സിനിമയാണിത്.

തൃശൂര്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്നും ബിരുദം നേടിയ ജോഷി ബെനഡിക്ട് തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. ‘പന്നിമലത്ത്’, ‘കൊപ്ര ചേവ്വ്’ എന്നീ രണ്ട് ഗ്രാഫിക് നോവലുകളും ജോഷി രചിച്ചിട്ടുണ്ട്.

പുല്ലൂരാം പാറ ആക്കാട്ടു മുണ്ടക്കല്‍ ബെനഡിക്ട് -മേരി ദമ്പതികളുടെ മകനാണ് ജോഷി. മഞ്ഞുവയല്‍ വിമല യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സി തോമസ് ഭാര്യയാണ്. മകന്‍ ബെനറ്റ്.


Leave a Reply

Your email address will not be published. Required fields are marked *