ആഗസ്റ്റ് 30: വിശുദ്ധ ഫിയാക്കര്‍
അയര്‍ലന്റില്‍ ഒരു കുലീന കുടുംബത്തില്‍ ഫിയാക്കര്‍ ജനിച്ചു. സോഡെര്‍ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ച് ഏതാനും ഭക്തരായ കൂട്ടുകാരോടുകൂടി ഏകാന്തത്തെ അന്വേഷിച്ചു ഫ്രാന്‍സിലേക്ക് കപ്പല്‍ കയറി. മോവിലെ ബിഷപ്പായിരുന്ന വിശുദ്ധ ഫാറിന്റെ അടുക്കലേക്കാണ് ദൈവപരിപാലന അദ്ദേഹത്തെ എത്തിച്ചത്. ഈ ചെറുപ്പക്കാരന്റെ സാമര്‍ത്ഥ്യവും സുകൃതവും കണ്ട് തന്റെ അവകാശത്തില്‍പ്പെട്ട ഒരു മലയില്‍ താമസിക്കാന്‍ ബിഷപ്പു ഫാറി ഏര്‍പ്പാടു ചെയ്തു. അവിടത്തെ മരങ്ങള്‍ കുറെ വെട്ടിനീക്കി ഫിയാക്കര്‍ ഒരു പര്‍ണ്ണശാല ഉണ്ടാക്കി. അദ്ദേഹംതന്നെ അവിടെ കൃഷിചെയ്തു ജീവിച്ചു.
കഠിനമായ തപോജീവിതമാണ് അവിടെ അദ്ദേഹം നയിച്ചത്. പലരും ഉപദേശത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു; ദരിദ്രര്‍ സഹായങ്ങള്‍ക്കും. സ്ത്രീകള്‍ക്ക് അവിടെ പ്രവേശനമില്ലായിരുന്നു. ഐറിഷുകാരനായ വിശുദ്ധ കാലിയന്‍ റോമയില്‍ നിന്നു മടങ്ങുമ്പോള്‍ ഫിയാക്കറെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ ശിക്ഷണത്തിന്‍കീഴില്‍ കുറേനാള്‍ ജീവിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മെത്രാന്മാരുടെ അനുവാദത്തോടുകൂടി ആ രൂപതയിലും പരിസരങ്ങളിലും ഏതാനും പ്രസംഗങ്ങള്‍ ചെയ്തു.
670 ആഗസ്‌ററ് 30-ന് ഫിയാക്കര്‍ നിര്യാതനായി. അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കാറുള്ളത് ഒരു തൂമ്പായോടു കൂടിയാണ്. ഏഴാം ശതാബ്ദത്തില്‍ അയര്‍ലന്റിലെ ഏകാന്തത പോരാഞ്ഞിട്ട് ഫിയാക്കര്‍ അതിനായി ഫ്രാന്‍സിലേക്കു പോയി. അവിടെ അതു കണ്ടുപിടിച്ച് വിശുദ്ധനായി. ഏകാന്തത തന്നെ വിശുദ്ധിയുടെ നഴ്‌സറി.