Church News

ഇഎസ്എ: മലയോര ജനതയുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ച് മെത്രാന്മാര്‍


മലയോര ജനതയെ സാരമായി ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപതാ ബിഷപ്പുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും സിബിസിഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

തൃശ്ശൂര്‍ രാമനിലയിത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജോസ് കെ. മാണി എംപി, വി. ഫാം ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ എന്നിവരും മെത്രാന്മാരോടൊപ്പമുണ്ടായിരുന്നു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇഎസ്എ റിപ്പോര്‍ട്ടും ഇഎസ്എ ജിയോ കോര്‍ഡിനേറ്റ്‌സ് മാപ്പും ബയോഡൈവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ഇഎസ്എ റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയ്യാറാക്കി എന്ന് പറയുന്ന പുതിയ ഇഎസ്എ ജിയോ കോഡിനേറ്റ്‌സ് മാപ്പും എത്രയും വേഗം ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കിയാലെ ആറാമത്തെ ഇഎസ്എ കരടില്‍ സൂചിപ്പിക്കുന്നത് പ്രകാരം പരാതി സമര്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുകയുള്ളുവെന്നും മറ്റ് സൈറ്റിലെ ഭൂപടത്തെ അടിസ്ഥാനമാക്കി അയക്കുന്നതായ ആക്ഷേപങ്ങള്‍ കരട് വിജ്ഞാപനത്തിനെതിരെയുള്ള ആക്ഷേപങ്ങളായി പരിഗണിക്കുക പോലും ഇല്ലയെന്നും സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

ആറാമത്തെ കരട് വിജ്ഞാപനത്തില്‍ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എയുടെ കഡസ്ട്രല്‍ മാപ്പും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. ജിയോ കോഡിനേറ്റ്‌സ് മാപ്പിനൊപ്പം കഡസ്ട്രല്‍ മാപ്പും ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സൈറ്റില്‍ ലഭ്യമാക്കിയ ശേഷം പൊതുജനങ്ങള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ 60 ദിവസത്തെ എങ്കിലും അവസരം നല്‍കണമെന്നും കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും പ്രസ്തുത മാപ്പുകള്‍ (ജിയോ കോഡിനേറ്റ്‌സ് & കഡസ്ട്രല്‍ മാപ്പ്) പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ഭേദഗതി വരുത്തി നല്‍കിയ ഇഎസ്എ രേഖകള്‍ തീരുമാനമെടുക്കാനായി ജൂണ്‍ മാസത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് കത്ത് ലഭിച്ചിരുന്നു. എങ്കിലും ആറാമത്തെ കരട് വിജ്ഞാപനത്തിന് മുന്‍പോ ഇതുവരെയോ അന്തിമ ഭൂപടം ഉള്‍പ്പെടുന്ന ഈ രേഖകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല, അവ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടില്ല എന്ന വസ്തുതയും സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

ഇഎസ്എ പ്രദേശങ്ങളിലെ ആധാരങ്ങളില്‍ പരിസ്ഥിതി സംവേദക മേഖല (ഇഎസ്എ) എന്ന് എഴുതി ചേര്‍ക്കുന്നത് ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അത്തരം ആധാരങ്ങള്‍ വെച്ച് ലോണ്‍ എടുക്കാനോ സ്ഥലം വില്‍ക്കാനോ സാധിക്കില്ല.

ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെറ്റായി രേഖപ്പെടുത്തിയ വനവിസ്തൃതി, (9107 ച. കി. മീ.), സംസ്ഥാന സര്‍ക്കാര്‍ തിരുത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇല്ലെങ്കില്‍ ഈ വില്ലേജുകളിലെ 01.01.1968 നും 01.01.1977നും മുന്‍പ് നല്‍കിയ സര്‍ക്കാര്‍ അംഗീകൃത പട്ടയഭൂമികള്‍ വരെ ഇതനുസരിച്ച് വനഭൂമിയില്‍ ഉള്‍പ്പെട്ടു പോകും.

ഇഎസ്എ നിയമത്തിന്റെ അടിസ്ഥാന യൂണിറ്റ് വില്ലേജായിരിക്കെ, കേരളത്തില്‍ റവന്യൂ വില്ലേജുകളില്‍ നിന്നും ഫോറസ്റ്റ് വില്ലേജുകളെ വേര്‍തിരിച്ചില്ലെങ്കില്‍ നിലവിലുള്ള സ്ഥിതിയനുസരിച്ച് ഒരു വില്ലേജിന്റെ പേരും അതിന്റെ അതിര്‍ത്തി കാണിക്കുന്ന മാപ്പുകളും ഇഎസ്എ നിയന്ത്രണങ്ങളില്‍പെട്ടാല്‍ റവന്യൂ വില്ലേജുകള്‍ മുഴുവന്‍ ഈ നിയമത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുവാന്‍ കാരണമാകും.

123 വില്ലേജുകളിലെ 13108 ച. കി. മീ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറല്‍ ലാന്‍ഡ്‌സ്‌കേപ്പിനെക്കാള്‍ 631 ച. കി. മീ കൂടുതലാണ്. ഇഎസ്എ നിലനില്‍ക്കുന്ന മറ്റ് അഞ്ചു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം – മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

വീഡിയോ സ്‌റ്റോറി കാണാന്‍ ക്ലിക്ക് ചെയ്യൂ:


Leave a Reply

Your email address will not be published. Required fields are marked *