കെസിവൈഎം ‘യുവ 24’ കലാകിരീടം ചൂടി മരുതോങ്കര മേഖല
വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി കെസിവൈഎം രൂപതാതലത്തില്‍ സമാഹരിച്ച 6,42,210 രൂപ കൈമാറി
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന കെസിവൈഎം രൂപതാ കലോത്സവം ‘യുവ 2024’-ല്‍ 276 പോയിന്റുകളോടെ മരുതോങ്കര മേഖല ഓവര്‍ഓള്‍ കിരീടം സ്വന്തമാക്കി. യഥാക്രമം 229, 210 പോയിന്റുകളുമായി തിരുവമ്പാടി, കോടഞ്ചേരി മേഖലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
‘വിലങ്ങാടിനെ പുനരുദ്ധരിക്കുക’ എന്ന ആപ്തവാക്യം സ്വീകരിച്ച് ദുരിതബാധിത മേഖലകളുടെ പേരുകളാണ് അഞ്ചു വേദികള്‍ക്കും നല്‍കിയത്. 37 ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.
കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിലങ്ങാടിന്റെ പുനരുദ്ധാരണത്തിനായി രൂപതാ തലത്തില്‍ യുവജനങ്ങള്‍ സമാഹരിച്ച 6,42,210 രൂപ രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. കുര്യാക്കോസ് മുകാലയിലിന് കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ മാനേജര്‍ ഫാ. ബിബിന്‍ മഞ്ചപ്പള്ളി സിഎംഐ, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, കലോത്സവം കോ-ഓര്‍ഡിനേറ്റര്‍ ആഗി മരിയ ജോസഫ്, മേഖല പ്രസിഡന്റ് അഞ്ചല്‍. കെ. ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ജോഫിന്‍ എന്നിവര്‍ പ്രസംഗിച്ചു.