Obituary

ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി


വിശുദ്ധനാട് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. വാര്‍ധക്യസഹജ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചശേഷം ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഇന്ന് (28.09.2024) വൈകുന്നേരം നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ തിങ്കള്‍ (30.09.2024) രാവിലെ 10-ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.

ക്രിസ്തുവിന്റെ വിയര്‍പ്പും രക്തവും മണവുമുള്ള നാട്ടിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുവാനുള്ള നിയോഗം ഫാ. ജോസഫ് കാപ്പില്‍ ഏറ്റെടുക്കുന്നത് 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതിനോടകം 50-ല്‍ അധികം തവണ വിശുദ്ധനാട് യാത്രകള്‍ നടത്തി.

വിശ്വാസം ആഴത്തില്‍ ഉറപ്പിക്കുവാന്‍ ഉതകുന്ന പ്രാര്‍ത്ഥനാരൂപിയിലുള്ള ആത്മീയ യാത്രയായിരുന്നു കാപ്പിലച്ചനൊപ്പമുള്ള വിശുദ്ധനാട് യാത്രകളെന്ന് ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തൊടുപുഴയ്ക്കടുത്ത് നെടിയശാലയില്‍ ദേവസ്യ-അന്ന ദമ്പതികളുടെ മകനായി 1944-ല്‍ ജനിച്ചു. കൂടപ്പിറപ്പുകളായി രണ്ട് സഹോദരിമാരും, ഒരു സഹോദരനും. മൂന്നു വയസുള്ളപ്പോഴാണ് കുടുംബം മലബാറിലേക്ക് പോരുന്നത്. കൂരാച്ചുണ്ടിലും കുളത്തുവയലിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് അള്‍ത്താര ബാലനായിരുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്തും തലശേരിയിലുമായി മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മംഗലാപുരത്തായിരുന്നു മേജര്‍ സെമിനാരി പഠനം. പിന്നീട് തിയോളജി പഠനത്തിനായി റോമിലേക്ക് പോയി.

1970-ലെ പന്തക്കുസ്ത ദിവസം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി തിരിച്ചെത്തി. മാനന്തവാടി ഇടവകയില്‍ അസി. വികാരിയായി. ബിഷപ്പിന്റെ സെക്രട്ടറിയായും സേവനം ചെയ്തു. പിന്നീട് പെരുംപുന്ന, ഷീരാടി, നെല്ലികുറ്റി, ചാപ്പന്‍തോട്ടം ഇടവകകളില്‍ വികാരിയായി. 1985-ല്‍ തേക്കുംകുറ്റി വികാരിയായി. ആ സമയത്താണ് താമരശേരി രൂപത ആരംഭിക്കുന്നത്.

ലിറ്റര്‍ജി പഠിക്കാന്‍ 1988-ലാണ് ഫാ. ജോസഫ് കാപ്പില്‍ റോമിലെത്തുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1991 ഒക്ടോബറില്‍ ജറുസലേമില്‍ ഒരു വര്‍ഷത്തെ ബിബ്ലിക്കല്‍ ഫോര്‍മേഷന്‍ കോഴ്‌സിനു ചേര്‍ന്നു. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ക്ലാസ്. പിന്നീടുള്ള രണ്ടു ദിവസം ബൈബിളില്‍ പറയുന്ന സ്ഥലങ്ങളിലൂടെ യാത്ര. അവിടെ പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള അവസരവും ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജെറുസലേമിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബൈബിള്‍ പഠനത്തിനായി ചേര്‍ന്നു. ഒരു വര്‍ഷ കോഴ്‌സ് ആയിരുന്നു അത്.

1993 ഒക്‌ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടറായി നിയമിതനായി. 1994-ല്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പിറ്റേ വര്‍ഷം 36 പേര്‍ ഉള്‍പ്പെടുന്ന സംഘവുമായി റോമും വത്തിക്കാനും വിശുദ്ധനാടും ഉള്‍പ്പെടുന്ന വിശുദ്ധനാട് തീര്‍ത്ഥയാത്ര ഫാ. കാപ്പില്‍ നടത്തി. ഇസ്രായേലിലെ അംഗീകൃത ടൂര്‍ ഗൈഡായിരുന്നു ഫാ. കാപ്പില്‍.

താമരശ്ശേരി രൂപതയുടെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുമ്പോഴാണ് താമരശേരിയില്‍ കത്തീഡ്രല്‍ നിര്‍മിച്ചത്. പിന്നീട് പിഎംഒസിയുടെ ഡയറക്ടറായി. പ്രീസ്റ്റ് ഹോം, ബൈബിള്‍ അപ്പോസ്തലേറ്റ്, മതബോധനം എന്നിവയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

തുടര്‍ന്ന് താമരശേരി കത്തീഡ്രല്‍ വികാരിയായി. മരുതോങ്കരയില്‍ വികാരിയായിരിക്കെയാണ് അവിടെ പള്ളി നിര്‍മിക്കുന്നത്. 2009-ല്‍ തിരുവമ്പാടി ഫൊറോന വികാരിയായി നിയമിതനായി. തുടര്‍ന്ന് പെരിന്തല്‍മണ്ണ വികാരിയായി. 2012-ല്‍ മുക്കത്ത് വികാരിയായിരിക്കെയാണ് വിരമിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *