ക്രൈസ്തവ അവഹേളനം: അമല്‍ നീരദ് ചിത്രത്തിലെ ഗാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി
അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രൊമോഷന്‍ ഗാനത്തിലെ ക്രൈസ്തവ അവഹേളനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം പരാതി നല്‍കി. ഗാനം സെന്‍സര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
ബോഗയ്ന്‍വില്ലയിലെ പ്രൊമോഷന്‍ ഗാനത്തിന്റെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണ്. പൈശാചിക ചിഹ്നങ്ങളുടെ അകമ്പടിയോടെയുള്ള ഗാനരംഗം ക്രൈസ്തവരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഗാനത്തിലെ വരികളും ചിത്രീകരണവും നിഷ്‌കളങ്കമോ യാദൃശ്ചികമോ ആയി കാണാന്‍ സാധിക്കില്ല – അല്‍മായ ഫോറം പരാതിയില്‍ പറയുന്നു.
ഗാനരംഗത്തില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും സംഗീതം നല്‍കിയ സുഷിന്‍ ശ്യാമും ചുവടുവയ്ക്കുന്നു. വിനായക് ശശികുമാറിന്റെതാണ് വരികള്‍. സുഷിന്‍ ശ്യാമും മേരി ആന്‍ അലക്‌സാണ്ടറും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. സെമിത്തേരി പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സ്തുതി എന്നാണ് ഗാനത്തിന് നല്‍കിയിരിക്കുന്ന പേര്.
എല്ലാ തരത്തിലുമുള്ള തിന്മകളുടെയും പ്രതിരൂപങ്ങളായി ക്രിസ്ത്യന്‍ നാമധാരികളെ അവതരിപ്പിച്ച ചിത്രമെന്ന് അക്ഷേപമുള്ള ഭീഷ്മപര്‍വത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല.