Daily Saints

ഒക്ടോബര്‍ 8: വിശുദ്ധ ശിമയോന്‍


ജെറുസലേമില്‍ താമസിച്ചിരുന്ന ഒരു ഭക്തപുരോഹിതനായിരുന്നു ശിമയോന്‍. രക്ഷകനായ ക്രിസ്തു ജനിക്കുന്നതിനുമുമ്പു താന്‍ മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് അദ്ദേഹത്തിനു വെളുപ്പെടുത്തിയിരുന്നു. അതിനാല്‍ രക്ഷകന്റെ ജനനത്തെ പ്രതീക്ഷിച്ചും അതിനായി പ്രാര്‍ത്ഥിച്ചും കഴിയുകയായിരുന്നു ഹില്ലെലിന്റെ പുത്രനായ ശിമയോന്‍. ദൈവചൈതന്യം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.

ദൈവമാതാവിന്റെ ശുദ്ധീകരണത്തിന് മറിയവും യൗസേപ്പും ഉണ്ണിയെക്കൊണ്ടു ദൈവാലയത്തിലെത്തിയപ്പോള്‍ ശിമയോനും ദൈവാലയത്തിലെത്തി. ആ സമയത്ത് അവിടെ എത്തിയതും ആ കുഞ്ഞാണു വരാനിരിക്കുന്ന രക്ഷകനെന്നും ശിമയോന്‍ മനസ്സിലാക്കിയതും പരിശുദ്ധാത്മാവിന്റെ നിവേശനത്താലാണ്. അദ്ദേഹം ആ കുഞ്ഞിനെ കൈയിലെടുത്തു കൊണ്ടു ദൈവത്തെ ഇങ്ങനെ സ്തുതിച്ചു:

‘കര്‍ത്താവേ, അങ്ങയുടെ തിരുവചനമനുസരിച്ച് അങ്ങേ ദാസനെ സമാധാനത്തോടെ ഇനി വിട്ടയയ്ക്കണമേ. എല്ലാ ജനങ്ങള്‍ക്കുമായി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൊണ്ടുതന്നെ ഞാന്‍ കണ്ടുകഴിഞ്ഞു. അതു വിജാതീയര്‍ക്കു വെളിപ്പെടാനുള്ള പ്രകാശവും അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മഹത്വവുമാണ്.’

ശെമയോന്‍ മറിയത്തോടു പറഞ്ഞു: ‘ഈ കുഞ്ഞ് അനേകരുടെ എതിര്‍പ്പിനു കാരണമാകും. നിന്റെ ഹൃദയത്തെ ഒരു വാള്‍ ഭേദിക്കും’ (ലൂക്കാ 2:25-35).


Leave a Reply

Your email address will not be published. Required fields are marked *