ഒക്ടോബര്‍ 26: വിശുദ്ധ എവറിസ്തൂസ് പാപ്പാ
വിശുദ്ധ ക്ലമെന്റ് മാര്‍പാപ്പായുടെ പിന്‍ഗാമിയാണ് എവറിസ്തൂസ് പാപ്പാ. ബത്‌ലഹേമില്‍ നിന്ന് അന്ത്യോക്യയില്‍ കുടിയേറി പാര്‍ത്ത ഒരു യഹൂദന്റെ മകനാണ് അദ്ദേഹമെന്നു പറയുന്നു. അദ്ദേഹമാണു റോമാനഗരത്തെ ആദ്യമായി ഇടവകകളായി തിരിച്ചത്. അങ്ങനെ 25 ഇടവകകള്‍ സ്ഥാപി ക്കുകയും ഓരോ ഇടവകയ്ക്കും ഓരോ വൈദികനെ നിയമിക്കുകയും ചെയ്തു. ഏഴു ഡീക്കന്മാരെക്കൂടി അദ്ദേഹം നിയമിച്ചു. ഡിസംബറിലാണു വൈദികപട്ടം നല്കിയിരുന്നത്; നോമ്പില്‍ മെത്രാന്മാരെ അഭിഷേചിച്ചിരുന്നു. ഉപവാസ കാലത്തു പട്ടം കൊടുക്കുന്നതു കൂടുതല്‍ ഭക്തിനിര്‍ഭരമായിരിക്കുമെന്ന് അദ്ദേഹം വിചാരിച്ചു.
സോളമന്‍ ജെറൂസലേം ദേവാലയത്തിന്റെ പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ച പ്രാര്‍ത്ഥനയ്ക്കു തുല്യമായി ഒരു പ്രാര്‍ത്ഥന അദ്ദേഹം പള്ളിക്കൂദാശയ്ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. വിശുദ്ധ കുര്‍ബാനകൂടി കൂദാശാക്രമത്തില്‍ മാര്‍പാപ്പാ ഉള്‍പ്പെടുത്തി. ഈ മാര്‍പാപ്പായുടെ കാലത്തായിരിക്കണം വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ മരണം.
പ്രാചീന ഗ്രന്ഥങ്ങളില്‍ എവറിസ്തൂസ് പാപ്പായെ രക്തസാക്ഷിയെന്നാണു വിളിച്ചിരിക്കുന്നത്. അപ്പസ്‌തോലന്മാരുടെ ശിഷ്യന്മാര്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തയില്‍ അഗാധമായി മുഴുകിയിരുന്നതിനാല്‍ അവര്‍ ഈ ലോകത്തുള്ളവരാണന്നുപോലും തോന്നുകയില്ല.