ഒക്ടോബര്‍ 29: വിശുദ്ധ നാര്‍സിസ്സസ്
ജെറുസലേമിലെ മുപ്പതാമത്തെ മെത്രാനാണ് വിശുദ്ധ നാര്‍സിസ്സസ്. മെത്രാനായപ്പോള്‍ 80 വയസ്സുണ്ടായിരുന്നു. പരിശുദ്ധനായ ബിഷപ്പിനോടു ജനങ്ങള്‍ക്കു വളരെ മതിപ്പും സ്‌നേഹവുമുണ്ടായിരുന്നു. പല അത്ഭുതങ്ങളും അവര്‍ക്കു വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചതായി കാണുന്നു. ഒരു ഉയിര്‍പ്പു തിരുനാളിന്റെ തലേദിവസം ഡീക്കന്മാരുടെ വിളക്കുകളില്‍ എണ്ണ ഉണ്ടായിരുന്നില്ല. ബിഷപ് നാര്‍സിസ്സസ് വിളക്കുകളില്‍ വെള്ളം കോരി ഒഴിക്കാന്‍ ആജ്ഞാപിച്ചു. ചരിത്രകാരനായ എവുസേബിയൂസു പറയുന്നത് ആ വെള്ളം ഉടനടി എണ്ണയായെന്നാണ്.
ഇദ്ദേഹത്തിന്റെ പ്രശസ്തി സര്‍വ്വ വ്യാപകമായിരുന്നെങ്കിലും ഏഷണിക്കാര്‍ എന്തോ ഒരു മഹാ കുറ്റം അദ്ദേഹത്തില്‍ ആരോപിച്ചു. താന്‍ പറയുന്നതു വാസ്തവമെങ്കില്‍ തീ വീണു ചാവട്ടെ എന്നൊരാളും കുഷ്ഠരോഗം പിടിക്കട്ടെ എന്നു വേറൊരാളും അന്ധനാകട്ടെ എന്നു മൂന്നാമതൊരാളും ആണയിട്ടു പറഞ്ഞു. ഒരാള്‍ തീയില്‍ ദഹിക്കുകയും വേറൊരാള്‍ കുഷ്ഠ രോഗിയാകയും മുന്നാമത്തെയാള്‍ കുരുടനുമായപ്പോള്‍ മെത്രാനച്ചന്റെ വിശുദ്ധി നാട്ടുകാര്‍ക്കു ഒന്നുകൂടി ബോധ്യമായി.
പക്ഷെ, ഏഷണിക്കാരുടെ ആരോപണങ്ങളെ ഭയന്ന് അദ്ദേഹം വേറൊരു മെത്രാനെ നിയമിച്ച് ഏകാന്തത്തില്‍ ധ്യാനനിരതനായിക്കഴിഞ്ഞു. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞു നാര്‍സിസ്സസ് വീണ്ടും രൂപതാഭരണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ സഹായ മെത്രാന്‍ വിശുദ്ധ അലക്‌സാണ്ടര്‍ പ്രസ്താവിച്ചതു പോലെ 116-ാമത്തെ വയസില്‍ നിര്യാതനാകുകയും ചെയ്തു.