Spirituality

നിത്യതയിലേക്ക് തുറക്കുന്ന വാതില്‍


പരിമിതികളോടും, സാഹചര്യങ്ങളോടും നല്ല യുദ്ധം ചെയ്തു ജീവിതം പൂര്‍ത്തിയാക്കി നമുക്കു മുമ്പേ സ്വര്‍ഗീയ വസതിയണഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരെ ഓര്‍ക്കുവാനുള്ള ദിനങ്ങളാണ് നവംബര്‍. ചുറ്റുമുള്ള ഓരോ അണുവിലും വ്യക്തമായ വിരലടയാളങ്ങള്‍ പതിപ്പിച്ച് കടന്നുപോയ തലമുറയുടെ ഓര്‍മകളാണ് നമുക്കു സ്വന്തമായുള്ളത്.

ജീവിതത്തെ സ്നേഹിക്കാനും, നല്ല ദിനങ്ങള്‍ മറ്റുള്ളവര്‍ക്കും സ്വന്തമായും സൃഷ്ടിക്കാന്‍ കഴിയുമ്പോഴുമാണ് ജീവിതം ധന്യമാകുക എന്ന് നമുക്കു മുമ്പേ പോയവര്‍ പറഞ്ഞു തരുന്നു. മരണാന്തര നിമിഷങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ കാണാനും കേള്‍ക്കാനനുമായിരിക്കും നാം ഇഷ്ടപ്പെടുക.

ഉയര്‍ത്തെഴുന്നേറ്റ ലാസറിനെപ്പറ്റി പാരമ്പര്യങ്ങള്‍ പറയുന്നത് രണ്ടു വിധത്തിലാണ്. ഒരുകൂട്ടര്‍ പറയും, ലാസറൊരിക്കലും പിന്നീട് ചിരിച്ചിട്ടില്ലെന്ന്. ജീവന്‍, മരണം, നിത്യത തുടങ്ങിയവയെപ്പറ്റി അവബോധം ലഭിച്ചവന് എങ്ങനെയാണ് സാദാ തമാശകള്‍ കേട്ട് ചിരിക്കാനാകുക. വേറൊരുകൂട്ടര്‍ പറയും, ലാസര്‍ എപ്പോഴും ചിരിക്കുകയായിരുന്നെന്ന് ഓരോരുത്തരുടെയും പരക്കം പാച്ചിലുകളും മത്സരങ്ങളും കാണുമ്പോള്‍ അയാള്‍ക്ക് ചിരിയടക്കാനായിട്ടില്ലത്രേ?

എല്ലാ ഓട്ടമത്സരങ്ങളും പൂര്‍ത്തിയാകുന്നത് ആറടി മണ്ണിന്റെ സുരക്ഷിതത്വത്തിലാണ് എന്നറിയുന്നവന് ജീവിത നിലപാടുകളില്‍ വ്യത്യസ്തത വരുത്താനാകും. പരമാവധി 25000 ദിനങ്ങള്‍ നീളുന്ന ജീവിതമെത്രയോ വേഗം പൂര്‍ത്തിയാകുന്നു. പലപ്പോഴും ലക്ഷ്യം തേടിയുള്ള ദ്രുതചലനങ്ങള്‍ക്കൊടുവില്‍ കുഴഞ്ഞുവീഴുമ്പോള്‍ അധികമൊന്നും അകലത്തില്‍ എത്തിയിട്ടില്ലെന്നു നാമറിയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെയും മരിക്കാനുള്ള നമ്മെയും സംബന്ധിച്ച് ഏറെ ധ്യാനങ്ങളും വിചിന്തനങ്ങളും ആവശ്യമാണ്.

സെമിത്തേരികളെ നാമേറെ സ്നേഹിക്കുന്ന മാസമാണല്ലോ നവംബര്‍. ഏറെ ഓട്ടങ്ങള്‍ക്കൊടുവില്‍ നാം സ്വന്തമാക്കുന്ന വിശ്രമകേന്ദ്രം. ഈ വിശ്രമ ഇടങ്ങളെ നമുക്കല്‍പ്പംക്കൂടി പ്രസാദാത്മകമായി കാണാം. ക്രിസ്തു നല്‍കുന്ന ശൂന്യമായ കല്ലറയുടെ സൂചന നമുക്കന്യമാകരുത്. ജീവിച്ചിരിക്കുന്നവരെ നാമെന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കണം എന്ന തിരുത്തലില്‍ പൊതിഞ്ഞ ചോദ്യം നമുക്ക് പ്രതീക്ഷയുടെ കിരണങ്ങള്‍ നല്‍കും. മണ്ണടരുകള്‍ക്ക് ജീര്‍ണിപ്പിക്കാനാകുന്ന ചിലതൊക്കെയുണ്ട് എന്ന് തിരുശേഷിപ്പുകളില്ലാത്ത ശൂന്യമായ കല്ലറ നമ്മെ ഓര്‍മിപ്പിക്കുന്നു.

മരണം അടഞ്ഞ വാതിലല്ല. നിത്യതയിലേക്ക് തുറക്കപ്പെടുന്നൊരു വാതിലാണെന്ന അറിവിന്റെ പ്രകാശത്തില്‍ ജീവിതത്തെ കൂറേക്കൂടി പ്രസാദ പൂര്‍ണമാക്കാം. നല്ല ജീവിതങ്ങള്‍ക്ക് മരണമെന്ന യാഥാര്‍ഥ്യം തിരശീല വീഴ്ത്തുകയല്ല മറിച്ച് തുടര്‍ച്ച നല്‍കുകയാണെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. നിത്യതയിലേക്ക് നോക്കി ജീവിക്കാന്‍ നമുക്കാകണം. നിത്യതയില്‍ ഒരുമിക്കുന്നതുവരെ മാത്രമാണ് നമുക്കുമുമ്പേ മരണമടഞ്ഞവര്‍ നമുക്കകലെയാകുന്നത്.

ക്രിസ്തു തൊടുമ്പോള്‍ മൃതപ്രായമായതെന്തും ജീവന്‍ നേടും. ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമായി വന്ന ക്രിസ്തുവിനെ പോലെ ഭൂമിയിലെ ജീവനെ വീണ്ടെടുക്കുക എന്നതാവണം ക്രിസ്തുശിഷ്യന്റെ ധര്‍മ്മം. അതിനാലാണ് പറഞ്ഞയക്കുമ്പോള്‍, ‘മൃതരെ ഉയര്‍പ്പിക്കാനുള്ള കല്‍പ്പനകൂടി അവന്‍ പ്രിയ ശിഷ്യര്‍ക്കേകുന്നത്’. ക്രിസ്തുവിനോട് ചേര്‍ന്ന് ജീവിക്കണമെന്നര്‍ത്ഥം. എവിടെയൊക്കെ മൃതമായ അവസ്ഥയുണ്ടോ, അവിടെയൊക്കെ ജീവന്റെ പ്രചാരകരാകണം. അവിടെ ദൈവത്തിന്റെ പകരക്കാരനാകണം.

ജീവിക്കുക എന്നതിന് മനുഷ്യോചിതമായി വ്യാപരിക്കുക എന്നാണര്‍ത്ഥം. മരണമെന്ന യാഥാര്‍ഥ്യത്തെ സ്വര്‍ഗയാത്രയുടെ കവാടമായി കണ്ട് നമുക്ക് ഈ ജീവിതത്തെ സ്നേഹിക്കാം. നാമെല്ലാവരും ക്രിസ്തുവിന്റെ മുമ്പില്‍ ഒന്നുചേരുന്ന ദിനമാണ് നമ്മുടെ ലക്ഷ്യം. മൃതരുണരുന്ന നിത്യവിരുന്നില്‍ അവനോടൊപ്പം പങ്കുചേരാനുള്ള മോഹം നമ്മുടെ എല്ലാവരുടെയും ജീവിതങ്ങളെ കൂടുതല്‍ പ്രകാശമുള്ളതാക്കും.


Leave a Reply

Your email address will not be published. Required fields are marked *