നവംബര്‍ 8: വിശുദ്ധ ഗോഡ്‌ഫ്രെ
ഫ്രഞ്ച് മാതാപിതാക്കന്മാരില്‍നിന്നു സ്വാസ്സോണിനു സമീപം ഗോഡ്‌ഫ്രെ ജനിച്ചു. അമ്മ മരിച്ചുപോയപ്പോള്‍ പിതാവ് അവനെ ദൈവത്തിനു പ്രതിഷ്ഠിച്ചു. അഞ്ചു വയസുള്ളപ്പോള്‍ അവനെ അവന്റെ ജ്ഞാനസ്‌നാന പിതാവായിരുന്ന ആബട്ട് ഗോഡ്‌ഫ്രെയുടെകൂടെ താമസിപ്പിച്ചു. രാപകല്‍ അവന്‍ പ്രാര്‍ത്ഥനയിലാണു സമയം ചെലവഴിച്ചിരുന്നത്. 25-ാമത്തെ വയസ്സില്‍ അവന്‍ വൈദികനായി. താമസിയാതെ തന്നെ നശിക്കാറായിരുന്ന നോജെന്റ് ആശ്രമത്തിന്റെ ആബട്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം ആശ്രമം പുതുക്കി പണിയുകയും ആദ്ധ്യാത്മിക ചൈതന്യം ഉളവാക്കുകയും ചെയ്തു.
1103-ല്‍ ആമീന്‍സിലെ ബിഷപായി നിയമിക്കപ്പെട്ടു. അനുതാപവസ്ത്രം ധരിച്ചു നഗ്നപാദനായിട്ടാണ് അദ്ദേഹം നഗരത്തി ലേക്കു പ്രവേശിച്ചത്. മെത്രാസനഭവനത്തില്‍ ഒരു സന്യാസിയെപ്പോലെത്തന്നെ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ ശാന്തതയും ക്ഷമയും അന്യാദൃശമായിരുന്നു. ക്രിസ്തുവിന്റെയും 12 അപ്പസ്‌തോലന്മാരുടെയും ഓര്‍മ്മയ്ക്കു ദിനംപ്രതി 13 ദരിദ്രര്‍ക്ക് അദ്ദേഹത്തിന്റെ സ്വന്തം മേശയില്‍ ഭക്ഷണം കൊടുത്തിരുന്നു. പലപ്പോഴും അദ്ദേഹം കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ചു രോഗികളെ ആശ്വസിപ്പിച്ചിരുന്നു.
റീംസിലെ മെത്രാപ്പോലീത്തായെ സന്ദര്‍ശിക്കാന്‍ പോയ വഴിക്ക് അദ്ദേഹം രോഗപ്പെട്ട് അന്ത്യകൂദാശകള്‍ സ്വീകരിച്ചു. 1115 നവംബര്‍ എട്ടിന് സ്വാസ്സോണ്‍സില്‍ വിശുദ്ധ ക്രിസ്പിന്റെ ആശ്രമത്തില്‍വച്ച് അന്തരിച്ചു.