റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു
താമരശ്ശേരി രൂപതാ വൈദികനും ശാലോം വേള്‍ഡ് ഫോര്മേഷന് ഡയറക്ടറുമായ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ പ്രകാശനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.
സോഫിയ ബുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ദൈവരാജ്യം സത്യത്തിലും നീതിയിലും,’ ‘പരിശുദ്ധാത്മാവ് ഒരു സമഗ്ര പഠനം,’ ‘ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും’ എന്നീ ഗ്രന്ഥങ്ങളാണ് മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന വൈദിക സെമിനാറിനിടെ പ്രകാശനം ചെയ്തത്.
‘ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഏറ്റുവാങ്ങി. ‘ദൈവരാജ്യം സത്യത്തിലും നീതിയിലും’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി മലപ്പുറം ഫൊറോന വികാരി ഫാ. മാത്യു നിരപ്പേല്‍ ഏറ്റുവാങ്ങി. ‘പരിശുദ്ധാത്മാവ് ഒരു ഒരു സമഗ്ര പഠനം,’ എന്ന ഗ്രന്ഥത്തിന്റെ ആദ്യപ്രതി കുന്നോത്ത് ഗുഡ്ഷെപ്പേഡ് സെമിനാരി പ്രൊഫസര്‍ ഫാ. ജോണ്സണ് നന്തളത്ത് ഏറ്റുവാങ്ങി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി നിരവധി ദൈവശാസ്ത്ര, ആത്മീയ ഗ്രന്ഥങ്ങള്‍ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ചിട്ടുണ്ട്.
ത്രിത്വം: ഗ്രാഹ്യവും അഗ്രാഹ്യവും
ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ ത്രിത്വരഹസ്യത്തിന്റെ നേര്‍ക്കാഴ്ച സമ്മാനിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം. ത്രിതൈ്വക്യ ജീവിതത്തിലേക്കുള്ള ക്ഷണവും ത്രിത്വ രഹസ്യത്തെക്കുറിച്ചുള്ള പഠനവും സമ്മേളിക്കുന്നു ഗ്രന്ഥം.
പരിശുദ്ധാത്മാവ് ഒരു സമഗ്ര പഠനം
പരിശുദ്ധാത്മാവില്‍ ഒരു തീര്‍ത്ഥാടനം സമ്മാനിക്കുന്ന ഗ്രന്ഥം. ധ്യാനവും മനനവും അപഗ്രഥനവും പ്രബോധനവും സംയോജിപ്പിച്ചുകൊണ്ട് വചനാധിഷ്ഠിതമായി അണിയിച്ചൊരുക്കിയിരിക്കുന്നു. ആത്മാവില്‍ പൂരിതരായി കൃപാവരത്തില്‍ വളരാനും സത്യവിശ്വാസം ഗ്രഹിക്കാനും ഈ ഗ്രന്ഥം സഹായിക്കും.
ദൈവരാജ്യം സത്യത്തിലും നീതിയിലും
ദൈവരാജ്യമാകുന്ന സഭ സത്യത്തിലും നീതിയിലും കരുണയിലും പടുത്തുയര്ത്തപ്പെടണമെന്ന പ്രവാചക ശബ്ദം മുഴങ്ങുന്ന ഗ്രന്ഥം. വിശുദ്ധ ഗ്രന്ഥത്തില്‍ അദ്യന്തം ഇതള്‍ വിരിയുന്ന സത്യ, നീതി ദര്‍ശനങ്ങളെ അവതരിപ്പിച്ചുകൊണ്ട് സഭ ദൈവരാജ്യമാകണമെങ്കില് സത്യത്തിന്റെ കെടാവിളക്കും നീതിയുടെ നിര്ഝരിയുമായി മാറണമെന്ന ഉദ്ബോധനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്‍ക്കാമ്പ്.