കെസിബിസിയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി: ആദ്യ ഭവനത്തിന് തറക്കല്ലിട്ടു
കെസിബിസി നടപ്പാക്കുന്ന താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വിലങ്ങാട് മുണ്ടോക്കണ്ടത്തില്‍ അല്‍ഫോന്‍സ നഗറില്‍ ആദ്യ ഭവനത്തിന് തറക്കലിട്ടു. ദേവഗിരി ഇടവകയാണ് ആദ്യ ഭവനം നിര്‍മിച്ചു നല്‍കുന്നത്.
ഉരുള്‍പൊട്ടല്‍ നാശംവിതച്ച വിലങ്ങാടിനും വയനാടിനും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. ‘കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നത് അനുസരിച്ച് ഒരു പാക്കേജ് തയ്യാറാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പക്ഷെ, എത്രയും വേഗം ജനങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം നിര്‍മിക്കണം. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്ക് അനുസരിച്ച് ഭവന നിര്‍മാണം വേഗത്തില്‍ ആരംഭിച്ചത്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി സെക്രട്ടറി ജനറലും കണ്ണൂര്‍ ബിഷപ്പുമായ ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി.
താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി രൂപതാ ഡയറക്ടര്‍ ഫാ. സായി പറന്‍കുളങ്ങര, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി നടപ്പാക്കുന്ന താമരശ്ശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതിയിലൂടെ 41 വീടുകളാണ് നിര്‍മിക്കുന്നത്. വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലിലാണ് ഭവന നിര്‍മാണ പദ്ധതിയുടെ മേല്‍നോട്ട ചുമത. സിഒഡിയുടെ നേതൃത്വത്തിലാണ് പദ്ധതി ഏകോപനം. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കും.