വത്തിക്കാനിലെ ജീവനക്കാര്‍ക്ക് ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ
മൂന്നോ അതിലധികമോ മക്കളുള്ള വത്തിക്കാനിലെ ജീവനക്കാര്‍ക്ക് 300 യൂറോ പ്രതിമാസ ബോണസ് നല്‍കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ തീരുമാനം.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഗവര്‍ണറേറ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാത്രമേ ഈ ബോണസ് ബാധകമാകൂ. യൂണിവേഴ്സിറ്റി പഠനത്തില്‍ എന്റോള്‍ ചെയ്താല്‍ 18-ാം ജന്മദിനമോ 24-ാം ജന്മദിനമോ വരെ പ്രതിമാസ ബോണസ് ലഭിക്കും.
കുഞ്ഞു ജനിക്കുന്ന പിതാക്കന്മാര്‍ക്കുള്ള രക്ഷാകര്‍തൃ അവധി അഞ്ച് ദിവസത്തേക്ക് നീട്ടാനും ഫ്രാന്‍സിസ് പാപ്പ തീരുമാനിച്ചു. ജനുവരി ഒന്ന് മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു.
കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുവാന്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനം, 3 മാസം മുതല്‍ 3 വയസ്സ് വരെ പ്രായമുള്ള ജീവനക്കാരുടെ കുട്ടികള്‍ക്കായി ഒരു ഓണ്‍-സൈറ്റ് ഡേകെയര്‍ സെന്റര്‍ തുറക്കാനും തീരുമാനിച്ചിരുന്നു.
ജനുവരി 12 ന് സിസ്‌റ്റൈന്‍ ചാപ്പലില്‍ വത്തിക്കാന്‍ ജീവനക്കാരുടെയും സ്വിസ് ഗാര്‍ഡുകളുടെയും മക്കളായ 21 കുഞ്ഞുങ്ങള്‍ക്ക് ഫ്രാന്‍സിസ് മാമോദീസ നല്‍കിയിരുന്നു.