പുതുചരിത്രം രചിച്ച് സിസ്റ്റര്‍ റാഫേല പെട്രിനി വത്തിക്കാന്‍ ഗവര്‍ണറേറ്റിന്റെ തലപ്പത്ത്
വത്തിക്കാന്‍ ഭരണസിരാകേന്ദ്രമായ ഗവര്‍ണറേറ്റിന്റെ തലപ്പത്ത് ആദ്യമായി വനിത നിയമനം. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വേര്‍ഗെസ് അല്‍സാഗ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗവര്‍ണറേറ്റിന്റെ പുതിയ പ്രസിഡന്റായി സിസ്റ്റര്‍ റാഫേല പെട്രിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്.
വത്തിക്കാനില്‍ ഭരണകേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കുന്ന നിരവധി നിയമനങ്ങള്‍ മാര്‍പാപ്പ ഇതിനോടകം നടത്തിയിരിന്നു. ചരിത്രത്തില്‍ ആദ്യമായി റോമന്‍ കൂരിയയുടെ ഭാഗമായ സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത് ജനുവരി ആദ്യവാരത്തിലാണ്.
1969 ജനുവരി 15 ന് റോമിലാണ് സിസ്റ്റര്‍ റാഫേല പെട്രിനിയുടെ ജനനം. ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കരിസ്റ്റിക്ക് സന്യാസ സമൂഹാംഗമാണ്. റോമിലെ ലൂയിസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബാര്‍ണി സ്കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്ന് ‘സയന്‍സ് ഓഫ് ഓര്ഗനൈസേഷന് ബിഹേവിയര്‍’ എന്ന വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
2015 മുതല്‍ 2019 വരെ റോമിലെ കാമിലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാസ്റ്ററല്‍ തിയോളജി ഓഫ് ഹെല്‍ത്തില്‍ സഭയുടെ സാമൂഹിക സിദ്ധാന്തവും ആരോഗ്യ സാമൂഹ്യശാസ്ത്രവും പഠിപ്പിച്ച സിസ്റ്റര്‍ റാഫേല, പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് സോഷ്യല്‍ സയന്‍സിലെ ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സില്‍ വെല്‍ഫെയര്‍ ഇക്കണോമിക്സ്, സോഷ്യോളജി ഓഫ് എക്കണോമിക് പ്രോസസ് പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വത്തിക്കാന്‍ മ്യൂസിയങ്ങള്‍, പോസ്റ്റ് ഓഫീസ്, പോലീസ് എന്നിവയുടെ ചുമതലയും വഹിച്ചു. 2021 മുതല്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ സെക്രട്ടറി ജനറലായി സേവനം ചെയ്തു വരികയായിരിന്നു സിസ്റ്റര്‍ റാഫേല പെട്രിനി. മാര്‍ച്ചില്‍ പുതിയ ചുമതലയേല്‍ക്കും.
