നാല്പതാം വെള്ളി ആചരണത്തിന്റെ ഭാഗമായി താമരശ്ശേരി രൂപത സംഘടിപ്പിക്കുന്ന എട്ടാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം ഏപ്രില്‍ 10-ന് രാത്രി 10-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ നിന്ന് ആരംഭിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കും.
കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് ഇടവകകള്‍ പിന്നിട്ട് നാല്പതാം വെള്ളിയാഴ്ചയായ ഏപ്രില്‍ 11-ന് രാവിലെ 7.30-ന് കുളത്തുവയല്‍ കുടിയേറ്റ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിയാണ് തീര്‍ത്ഥാടകര്‍ 35 കിലോമീറ്റര്‍ താണ്ടുക. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെ തീര്‍ത്ഥാടനം സമാപിക്കും.
ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യാശയുടെ വര്‍ഷം, താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി, മലബാര്‍ കുടിയേറ്റത്തിന്റെ നൂറാം വാര്‍ഷികം തുടങ്ങിയ സവിശേഷതകള്‍ ഒന്നിക്കുന്ന വര്‍ഷമാണെന്ന പ്രത്യേകതയും ഇത്തവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. നിരവധി വിശ്വാസികളാണ് കുളത്തുവയല്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാറുള്ളത്.
