താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ ഭവനങ്ങളിലേക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ പന്ത്രണ്ടായിരത്തില്‍ അധികം വൃക്ഷത്തൈകളാണ് ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
റൂബി ജൂബിലിയുടെ ഭാഗമായി ജൂണില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ വയനാട് ചുരം ശുചീകരിച്ചിരുന്നു. എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാന്‍ ബാസ്‌കറ്റുകള്‍ സ്ഥാപിച്ചു.
പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും പ്രകൃതിയോടും വൃക്ഷങ്ങളോടുമുള്ള സ്നേഹം ദൈവസ്നേഹത്തിന്റെ ഭാഗമാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു. കല്ലുരുട്ടി പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫാം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. ജില്‍സണ്‍ തയ്യില്‍, ഇന്‍ഫാം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോസഫ് കിളിയംപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
