ഭൂമി കാര്യക്ഷമമായി കൃഷിക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചുതന്നവരാണ് കുടിയേറ്റ ജനതയെന്ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപയോഗിക്കപ്പെടാതെ കിടന്ന പ്രകൃതി വിഭവങ്ങൾ രാജ്യത്തിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാമെന്ന് കുടിയേറ്റ ജനത കാണിച്ചു തന്നു. കൃഷിയുടെ വൈവിധ്യങ്ങൾ മലബാറിന് പരിചയപ്പെടുത്തി. കപ്പയും മീനും കേരളത്തിലെ മുഖ്യ ആഹാരങ്ങളിലൊന്നായത് കുടിയേറ്റത്തിന്റെ ഫലമായാണ്. ഇടവിള കൃഷിയെ സ്വാഭാവിക കൃഷിരീതിയാക്കി മാറ്റിയതും മലബാറിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പുരോഗതി എന്നിവയ്ക്കെല്ലാം ചുക്കാൻ പിടിച്ചതും ഇവിടുത്തെ കുടിയേറ്റ സമൂഹമാണ് – ജോർജ് കുര്യൻ പറഞ്ഞു.

കുടിയേറ്റ ജനത സൗമ്യസമൂഹമായി പരക്കെ അംഗീകരിക്കപ്പെടുന്നു. കുടിയേറ്റ ജനതയെ സ്വീകരിക്കാൻ മലബാറിലെ സമൂഹം കാണിച്ച സൗമ്യതയും എടുത്തു പറയേണ്ടതാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. കുടിയേറ്റ ജനത മലബാറിന് നൽകിയ സംഭാവനകളും സേവനങ്ങളും അനുസ്മരിക്കാനുള്ള സമയമാണിത്. വിഷകന്യകയെന്ന നോവലിലൂടെ എസ്. കെ. പൊറ്റക്കാട് കുടിയേറ്റ ജനതയുടെ ദൈന്യതകളെ നെഗറ്റീവ് ഷെയ്ഡോടെ അവതരിപ്പിച്ചപ്പോൾ അദ്ദേഹം വിസ്മരിച്ചത് അവരുടെ ദൈവാശ്രയ ബോധത്തെയാണ്. മലബാറിന്റെ ചരിത്രം മാറ്റിയെഴുതാൻ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞു. വൈദികരുടെ നേതൃത്വവും സന്യസ്തരുടെ പരിശ്രമങ്ങളും അൽമായരുടെ കഠിനാദ്ധ്വാനവും മലബാറിനെ വിസ്മയകരമായ രീതിയിൽ വളർത്തി – ബിഷപ് പറഞ്ഞു.
റൂബി ജൂബിലി കൺവീനർ ഫാ. ജോൺ ഒറവുങ്കര, താമരശ്ശേരി രൂപതാ പ്രൊക്യുറേറ്റർ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവർ പ്രസംഗിച്ചു.

കോഴിക്കോട് ഗവ. ആർട്സ് ആന്റ് സയൻസ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. പി. ജെ. വിൻസെന്റ് , കണ്ണൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഇൻ സയൻസ് ആന്റ് ഹ്യുമാനിറ്റീസ് ഡയറക്ടർ ഡോ. ജോയി വർക്കി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചയ്ക്ക് പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ജോഷി മാത്യു, കോഴിക്കോട് സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ ഡോ. സി. ജെ. ജോർജ്, കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഉച്ച കഴിഞ്ഞ് പൊതുസമ്മേളനം നടക്കും.
