കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ നിഷേധിക്കാൻ കഴിയില്ലെന്നും നാടിന്റെ പുരോഗതിക്ക് അടിത്തറയിട്ടത് ക്രൈസ്തവ സഭകളാണെന്നും എം. കെ. രാഘവൻ എംപി. മലബാർ കുടിയേറ്റ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി റൂബി ജൂബിലിയോടനുബന്ധിച്ച് താമരശ്ശേരി രൂപത കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിൽ ഇന്നു കാണുന്ന മാറ്റങ്ങൾക്ക് കാരണമായത് കുടിയേറ്റമാണ്. നിരവധി അഗ്നിപരീക്ഷകൾ തരണം ചെയ്താണ് കുടിയേറ്റ ജനത ഈ നാടിനെ നിർമ്മിച്ചത്. കുടിയേറ്റ പൂർവികർ മലബാറിന്റെ പുണ്യമാണ്. പുത്തൻ കാർഷിക സംസ്ക്കാരം മലബാറിനു പരിചയപ്പെടുത്തി എന്നതാണ് കുടിയേറ്റ ജനതയുടെ വലിയ സംഭാവന- എം. കെ. രാഘവൻ എംപി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട ക്രൈസ്തവ സഭ കാലഘട്ടത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ന്യൂജൻ കോഴ്സുകൾ അവതരിപ്പിച്ച് പുതിയ കാലത്തെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ചരിത്രം വിസ്മരിക്കുന്നത് ഏറ്റവും മോശം കാര്യമാണെന്നും ചരിത്രം പഠിക്കാൻ ശ്രമിക്കുമ്പോഴാണ് വളർച്ചയുണ്ടാകുന്നതെന്നും ആർച്ച് ബിഷപ് അഭിപ്രായപ്പെട്ടു.
ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ദൈവം വഴിനടത്തിയ ചരിത്രമാണ് മലബാറിലെ കുടിയേറ്റ ജനതയ്ക്ക് പറയാനുള്ളതെന്ന് ബിഷപ് അഭിപ്രായപ്പെട്ടു. എല്ലാവർഷവും കുടിയേറ്റ അനുസ്മരണ ദിനം ആചരിക്കുമെന്നും പത്തുവർഷത്തിനുള്ളിൽ കുടിയേറ്റ മ്യൂസിയം നിർമിക്കുമെന്നും ബിഷപ് പറഞ്ഞു.
ഇന്നത്തെ സൗഭാഗ്യങ്ങൾ പൂർവികർ ചെയ്ത ത്യാഗത്തിന്റെ ഫലമാണെന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. പൂർവികരുടെ ത്യാഗവും പരിശ്രമങ്ങളും പുതുതലമുറയെ ബോധ്യപ്പെടുത്തുക നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വികാരി ജനറൽ മോൺ. അബ്രാഹം വയലിൽ, പ്രഫ. ജയപ്രകാശ് രാഘവയ്യ, റവ. ഡോ. ബിനു കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഫാ. തോമസ് പന്തപ്ലാക്കൽ സിഎംഐ, വർഗീസ് തോട്ടയ്ക്കാട്, ജോസ് ഞള്ളിമാക്കൽ എന്നിവരെ ആദരിച്ചു.
റൂബി ജൂബിലി കൺവീനർ ഫാ. ജോൺ ഒറവുങ്കര, കുടിയേറ്റ ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ റവ. ഡോ. ബിനു കുളത്തിങ്കൽ എന്നിവർ നേതൃത്വം നൽകി.