യേശുക്രിസ്തുവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്ന പുരാതനമായ ‘തീര്‍ത്ഥാടക പാത’ (Pilgrim’s Path) പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ജെറുസലേമിലെ പ്രശസ്തമായ സീലോഹ കുളത്തില്‍ (Pool of Siloam) നിന്ന് ആരംഭിച്ച് മോറിയാ മലയിലേക്ക് (Temple Mount) നീളുന്നതാണ് ഈ പാത.
ബിസി ഒന്നാം നൂറ്റാണ്ടില്‍ ഹെറോദേസ് രാജാവിന്റെയോ പന്തിയോസ് പീലാത്തോസിന്റെയോ നിര്‍ദ്ദേശപ്രകാരമാണ് ഈ പാത നിര്‍മ്മിച്ചതെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദശലക്ഷക്കണക്കിന് ജൂത തീര്‍ത്ഥാടകര്‍ പള്ളിയിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന പ്രധാന വീഥിയാണിത്.
ഏകദേശം 20 വര്‍ഷത്തോളം നീണ്ടുനിന്ന ശ്രമകരമായ ഖനനത്തിനൊടുവിലാണ് ഈ പാത പൂര്‍ണ്ണമായും പുറത്തെടുത്തത്. നിലവില്‍ പലസ്തീന്‍ ഭൂരിപക്ഷമുള്ള സില്‍വാന്‍ പ്രദേശത്തിന് അടിയിലൂടെയാണ് തുരങ്ക പാത കടന്നുപോകുന്നത്.
ഖനനത്തിനിടയില്‍ ജൂത ആചാരപരമായ കുളങ്ങളും, പൊതു അറിയിപ്പുകള്‍ക്കായി ഉപയോഗിച്ചിരുന്ന തറകളും കണ്ടെത്തിയിട്ടുണ്ട്. എഡി 70-ല്‍ റോമക്കാര്‍ ജെറുസലേം നശിപ്പിച്ചപ്പോള്‍ ഈ പാത മണ്ണിനടിയിലായതാണ് ഇത് കേടുപാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെടാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ പ്രദേശം തര്‍ക്കഭൂമിയായ കിഴക്കന്‍ ജെറുസലേമില്‍ ആയതിനാല്‍ പാതയുടെ നിര്‍മ്മാണം വലിയ വിവാദങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ട്. ഖനനം തങ്ങളുടെ വീടുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് പലസ്തീന്‍ നിവാസികള്‍ ആരോപിക്കുന്നു. എന്നാല്‍ വീടുകള്‍ക്ക് ബലം നല്‍കുന്നതിനായി കോണ്‍ക്രീറ്റും ലോഹവും ഉപയോഗിച്ചുള്ള സുരക്ഷിതമായ ടണലിലൂടെയാണ് ഇപ്പോള്‍ പാത ഒരുക്കിയിരിക്കുന്നത്.
തങ്ങളുടെ ചരിത്രത്തെ അടുത്തറിയാന്‍ ജൂതന്മാരും, യേശു നടന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ ക്രിസ്ത്യാനികളും വലിയ താല്പര്യത്തോടെയാണ് ഈ പാത സന്ദര്‍ശിക്കുന്നത്. ‘ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രവുമായി നമ്മെ ബന്ധിപ്പിക്കുന്ന ഒന്നാണിതെന്ന്’ പാത സന്ദര്‍ശിച്ച സഞ്ചാരികള്‍ അഭിപ്രായപ്പെട്ടു.
